ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ പദ്ധതികളുമായി ശബരിമല കര്‍മ്മ സമിതി ഇക്കുറിയും ശക്തമായി രംഗത്ത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള കര്‍മ്മ സമിതി അംഗങ്ങള്‍ ഷിഫ്റ്റ് അനുസരിച്ച് ശബരിമലയില്‍ എത്തി തമ്പടിക്കാനാണ് നിലവിലെ തീരുമാനം.
യുവതീപ്രവേശനത്തിന് ശ്രമം ഉണ്ടായാല്‍ ശക്തമായി തടയുകയാണ് ഈ കര്‍മ്മ സമിതി നീക്കത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുമുടിക്കെട്ടുമായി എത്താനാണ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇങ്ങനെ എത്തുന്നവര്‍ നാമജപം നടത്താനും ശബരിമലയില്‍ തമ്പടിക്കാനും തീരുമാനമായിട്ടുണ്ട്.
എന്നാല്‍, കഴിഞ്ഞ തവണത്തേതിന് വിരുദ്ധമായി കോടതിയുടെ അന്തിമ തീരുമാനം വരുന്നതു വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നതിനാല്‍ തത്കാലം പ്രത്യക്ഷ സമരം വേണ്ടെന്നും കര്‍മ്മ സമിതിയില്‍ ധാരണയായിട്ടുണ്ട്.
2018 സെപ്തംബര്‍ 28-നാണ് സുപ്രീംകോടതിയുടെ ചരിത്രപ്രാധാന്യമുള്ള ആ വിധി വരുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അത്.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാലംഘനമാണെന്നും സ്ത്രീകളോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിധി.
അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹര്‍ജി 12 വര്‍ഷത്തിനിപ്പുറം തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പോടെയായിരുന്നു.
അഞ്ചംഗ ബഞ്ചില്‍ നാല് പേരും സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിശ്വാസിയല്ലാത്ത ഒരാള്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നതില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി. വിധിപ്രസ്താവ വേളയില്‍ കോടതി മുറിയിലുണ്ടായ ആ വിയോജിപ്പ് സമൂഹത്തിന്റെ താഴെത്തട്ടിലേക്കും എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കോടതിവിധിക്കെതിരെ സംസ്ഥാനത്താകമാനം സ്ത്രീകള്‍ തെരുവിലിറങ്ങി. ഒറ്റക്കും കൂട്ടായുമുള്ള നാമജപ കൂട്ടായ്മകളായി രൂപപ്പെട്ട പ്രതിഷേധം ഇന്നെത്തി നില്‍ക്കുന്നത് വഴിതടയലുകളിലും അക്രമങ്ങളിലുമാണ്.
രാഷ്ട്രീയവും യുക്തിയും വിശ്വാസവും അവിശ്വാസവും എല്ലാം മാറ്റിവച്ചാല്‍ കേരളം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമാണ് ആ നാളുകളില്‍ സാക്ഷ്യം വഹിച്ചത്.
അഞ്ച് പേരില്‍ നിന്ന് അമ്പതിലേക്കും അമ്പതില്‍ നിന്ന് ആയിരങ്ങളിലേക്കും ഏറിയ ജനപിന്തുണ കണ്ട് പുരോഗമന കേരളവും പുരോഗമനവാദികളും മൂക്കത്ത് വിരല്‍ വച്ചു. ഭക്തജനങ്ങള്‍ എന്ന പേരില്‍ സംഘടിച്ച സ്ത്രീജനങ്ങളും ശബരിമലയില്‍ കണ്ട ആണ്‍കൂട്ടങ്ങളും യഥാര്‍ഥത്തില്‍ കേവലം ‘ഭക്തജനങ്ങള്‍’ മാത്രമായിരുന്നില്ല.
സത്യത്തില്‍ ഇത് ഓര്‍ഗനൈസ് ചെയ്ത സമരമല്ല. ആരും ഓര്‍ഗനൈസ് ചെയ്യാനും ഇല്ല. ഭക്തജനങ്ങള്‍ അയ്യപ്പന് വേണ്ടി ഇറങ്ങിയിരിക്കുകയാണ്. അയ്യപ്പന്‍ എന്നത് കേരളത്തിലെ സാധാരണക്കാരുടെ വലിയ വികാരമാണ്. ആ വികാരമാണ് തെരുവില്‍ കാണുന്നത്. ഒരാളുടേയും ഒരു സംഘടനയുടേയും നേതൃത്വത്തിലല്ല സമരം നടക്കുന്നത്. പലര്‍ ചേര്‍ന്ന് ഒരു കാര്യത്തിനായി ഒത്തുകൂടിയത് മാത്രമാണ്.
വിശ്വാസിസമൂഹം മാത്രമാണ് ഈ സമരം ഓര്‍ഗനൈസ് ചെയ്തതും മുന്നോട്ട് കൊണ്ട് പോവുന്നതും. അയ്യപ്പ കര്‍മ്മ സേന എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അതില്‍ അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, ക്ഷേത്രസംരക്ഷണ സമിതി അങ്ങനെ പല സംഘടനകള്‍ ഉണ്ട്. പൂര്‍ണമായും അയ്യപ്പ വിശ്വാസികളുടെ ഒരു സമിതി. അവരാണ് സമരത്തിലുള്ളത്. പക്ഷെ അതിന് സംഘവുമായി നേരിട്ട് ഒരു ബന്ധവുമില്ല.