ശബരിമല, വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി

കൊച്ചി: ശബരിമല സര്‍വ്വീസുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

തീര്‍ത്ഥാടകര്‍ക്കായി അധിക ബസ് സര്‍വ്വീസുകളും കെ എസ് ആര്‍ ടി സി ഏര്‍പ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കെ എസ് ആര്‍ ടി സിയെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ക്ഷാമം സര്‍വ്വീസുകളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചത്.

Loading...

നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ 120 അധിക ബസ്സുകള്‍ സര്‍വീസ് നടത്തും. വിവിധ ഡിപ്പോകളില്‍ നിന്ന് 500 ബസ്സുകള്‍ വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും. തിരക്കുള്ള ദിവസങ്ങളില്‍ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കും.

ആവശ്യമായാല്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കും. നിലയ്ക്കല്‍ പമ്ബ ബസുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് അയക്കുന്നത്. മറ്റ് ബസുകള്‍ 5 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയാണ്. പ്രതിസന്ധികള്‍ തീര്‍ത്ഥാടന കാലത്തെ സര്‍വ്വീസുകളെ ബാധിക്കില്ലെന്നാണ് കെ എസ് ആര്‍ടിസിയുടെ വിലയിരുത്തല്‍.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്.പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കൂടാതെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്സും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കും. മൊത്തം 2800 പോലീസിനെയാണ് നിലവില്‍ നിയോഗിച്ചിരിക്കുന്നത്.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവലോകനവും ഇന്ന് സന്നിധാനത്ത് ചേരും.

രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. ശനിയാഴ്ച വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചത്.