ഇക്കുറി ശബരിമലയിൽ പ്രസാദ ശേഖരണം ഉണ്ടാകില്ല. തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ആണ് ദേവസ്വം ബോർഡ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. അപ്പം, അരവണ എന്നിവ ആവശ്യത്തിന് മാത്രമേ ഈ വര്ഷം നിര്‍മിക്കൂ. 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ, മുന്‍വര്‍ഷങ്ങളില്‍ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ ഈ കുറി കരുതല്‍ ശേഖരം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ഭക്തരുടെ കണക്കനുസരിച്ചു ആവശ്യത്തിന് മാത്രമാകും ഈ തവണ പ്രസാദം തയാറാക്കുക. മുൻകൂട്ടി തയാറാക്കി വെക്കുന്ന രീതി ഈ പ്രാവിശ്യം ഇല്ല. അരവണയും ഉണ്ണിയപ്പവും നടതുറക്കുന്നതിന്റെ തലേ ദിവസവും തയാറാക്കി വെക്കാനാണ് തീരുമാനം. കൂടാതെ ഈ പ്രാവിശ്യം വഴിപാട് പ്രസാദം സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതിയും തപാല്‍ വകുപ്പ് തുടങ്ങിയിട്ടുണ്ട്. അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, മഞ്ഞള്‍, കുങ്കുമം, അര്‍ച്ചന പ്രസാദം ഉൾപ്പെടെ ഉള്ളവയ്ക്ക് 450 രൂപയാണ് വില. എല്ലാ പോസ്റ്റോഫീസുകളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വൃശ്ചികം ഒന്നായ നവംബർ 16 മുതലാണ് ഭക്തർക്ക് ശബരിമലയിൽ കയറാനുള്ള അനുമതി നൽകിയിരിക്കുന്നത്. കൊറോണ ടെസ്റ്റ് ചെയ്തതിന്റെ റിസൾട്ടുമായിട്ടുവേണം ഭക്തർ ശബരിമല യാത്ര തുടങ്ങേണ്ടത്.