മകരവിളക്ക്; പതിനഞ്ചിന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

മകരവിളക്ക് പ്രമാണിച്ച് ഈ മാസം 15ന് ( ബുധനാഴ്ച) പമ്ബയിലേക്കുള്ള വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 15 ന് രാവിലെ മുതല്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെറുവാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ 15ന് രാവിലെ 11ന് ശേഷം എരുമേലി, കണമല, നാറാണംതോട്, പ്ലാപ്പള്ളി, ളാഹ, വടശേരിക്കര,ആങ്ങമൂഴി എന്നിവിടങ്ങളില്‍ നിന്ന് നിലയ്ക്കലിലേക്കു വാഹനങ്ങള്‍ കടത്തിവിടില്ല.

അന്ന് രാവിലെ മുതല്‍ ശബരിമല പാതയില്‍ പമ്പയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ കെഎസ്ആര്‍ടിസി മാത്രമാവും സര്‍വീസ് നടത്തുക. എരുമേലി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കണമല, നാറാണംതോട് എന്നിവിടങ്ങളില്‍ പിടിച്ചിടും. മകരജ്യോതി കാണാന്‍ അട്ടത്തോട് ഭാഗത്ത് റോഡില്‍ തീര്‍ഥാടകര്‍ ഇരിക്കുന്നതിനാല്‍ ഉച്ച കഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.

Loading...

ജ്യോതി ദര്‍ശനത്തിനു ശേഷം രാത്രി 12 വരെ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസും ദീര്‍ഘദൂര ബസുകളും മാത്രമാവും അനുവദിക്കുക. പമ്പയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ അതിനു ശേഷം കടത്തി വിടും. ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, കണമല, എരുമേലി, ആങ്ങമൂഴി തുടങ്ങിയ സ്ഥലങ്ങളില്‍ പിടിച്ചിട്ടിട്ടുള്ള അയ്യപ്പ വാഹനങ്ങള്‍ 16ന് രാവിലെ നിലയ്ക്കലിലേക്കു പോകാം.

മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേവസ്വം ബോര്‍ഡിന്‍റെ നേത്യത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവ ആവശ്യത്തിന് ഭക്തര്‍ക്ക് ലഭ്യമാക്കും.

ഇതിനാവശ്യമായ അത്രയും കരുതല്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനപ്പന്തലില്‍ സദ്യ ഒരുക്കും. പ്രതിദിനം മുപ്പതിനായിരത്തിലധികം ഭക്തജനങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡിന്‍റെ അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം നല്‍കുന്നത്.

ഇതില്‍ കൂടുതലായി അളുകള്‍ എത്തുന്ന സാഹചര്യമുണ്ടായാലും അവര്‍ക്കെല്ലാം അന്നദാനം നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഭക്തര്‍ മകരജ്യോതി ദര്‍ശിക്കാന്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പരിശോധിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.

മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ നിർമിക്കാറുള്ള പർണശാലകളില്‍ യാതൊരു കാരണവശാലും പാചകം അനുവദിക്കില്ല. ഫയര്‍ഫോഴ്‌സിന്‍റെയും ഫോറസ്‌ററിന്‍റെയും സഹകരണത്തോടെ ഇതിന് ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കും.

കുടിവെള്ളം ഭക്തര്‍ക്ക് ലഭ്യമാക്കാനായി വാട്ടര്‍ അതോറിറ്റിയുടെ കിയോസ്‌കുകള്‍ കൂടാതെ ഔഷധ കുടിവെള്ളവും ബിസ്‌കറ്റുകളും ദേവസ്വം ബോര്‍ഡ് വിതരണം ചെയ്യുന്നുണ്ട്. നിലവിലുള്ള ജീവനക്കാരെ കൂടാതെ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ തന്ത്രിയുമായി കൂടി ആലോചിച്ച് ദര്‍ശനസമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്. ജനുവരി 15നാണ് മകരവിളക്ക്.

തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽനിന്ന് 13 ന് ഉച്ചയ്ക്ക് പുറപ്പെടും. പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ 14 ന് നടക്കും. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് 15ന് രാത്രിയിൽ തുടങ്ങും. 18 വരെ പതിനെട്ടാംപടി വരെയും 19 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത്. തീർഥാടന കാലത്തെ നെയ്യഭിഷേകം 19 വരെ മാത്രം. 19 ന് ഉച്ചയ്ക്ക് 11.30ന് രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും തീർഥാടകർക്ക് ദർശനം 20 ന് രാത്രി 10 വരെ മാത്രമേ ഉള്ളു. തുടർന്ന് മാളികപ്പുറത്ത് ഗുരുതി നടക്കും. തീർഥാടനം പൂർത്തിയാക്കി 21ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും