ജാതി വ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില ദളിത് സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ചില ദളിത് സമുദായാംഗങ്ങള്‍
ജാതി വ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ജാതി വ്യവസ്ഥയെ ഇല്ലാതാക്കുന്നതിന് പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് അവരുടെ ശ്രമമെന്ന് ബിന്ദു ആരോപിച്ചു.

സാമൂഹ്യമാറ്റങ്ങള്‍ക്കെതിരെ സവര്‍ണര്‍ ദളിതരെ ആയുധമാക്കുകയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ദളിതരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണസമൂഹങ്ങള്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

Loading...

എന്നാല്‍ ഇത് മനസിലാക്കാതെ അവര്‍ സ്വന്തം ജനതക്ക് നേരെ കല്ലെറിയുകയാണെന്നും ബിന്ദു പറഞ്ഞു.

മാറുമറക്കല്‍ സമരത്തിനെതിരെയും സതി നിരോധനത്തിനെതിരെയും സമൂഹപ്രമാണിമാര്‍ക്കൊപ്പം നിന്ന സ്ത്രീകളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്.

ശബരിമല വിഷയത്തിന് ശേഷം പൊതു ഇടങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
സൈബര്‍ ഇടത്തില്‍ തനിക്കെതിരെ അക്രമണം നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ അതേ സമയം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും പിന്തുണയുമായി നിരവധി എത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.