മണ്ഡല കാലത്തിന് നാളെ തുടക്കം, വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ യുവതികളെത്തുമെന്ന് കണക്കുകൂട്ടല്‍

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. നാളെ വൈകുന്നേരമാണ് നട തുറക്കുക. നട തുറക്കുന്നതിനു പിന്നാലെ പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങുകള്‍ നടക്കും. വൃശ്ചികപ്പുലരിയായ 17നു രാവിലെ നട തുറന്നു മണ്ഡലകാല പൂജകളാരംഭിക്കും. മണ്ഡലകാലവും മകരവിളക്കും കഴിഞ്ഞ് ജനുവരി 20 വരെയാണ് തീര്‍ത്ഥാടനകാലം.

കഴിഞ്ഞ വര്‍ഷം യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ വലിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഇതിനിടെ പോലീസ് സംരക്ഷണയില്‍ രണ്ടു സ്ത്രീകള്‍ മലചവിട്ടുകയും സുപ്രീം കോടതി വിധി നടപ്പിലാക്കുകയും ചെയ്തു.

Loading...

ഇത്തവണയും വന്‍ പ്രതിഷേധങ്ങള്‍ നടന്നേക്കാമെന്ന് സൂചനകളുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സ്യുപ്രീം കോടതിയുടെ നിര്‍ണായക വിധി പുനഃപരിശോധനക്കായി ഏഴംഗ വിശാല ബെഞ്ചിന് വിട്ടു കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.അതേസമയം, കഴിഞ്ഞ വര്‍ഷത്തെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ഇത്തവണയും സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല.

അതേസമയം ശബരിമല പുന പരിശോധനാ ഹര്‍ജിയില്‍ വിധി പറയുന്നത് ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടത് നടപടിക്ക് പിന്നാലെ ഈ മണ്ഡലകാലവും വിഷയങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ ഏഴംഗ ബെഞ്ചിന് വിധി പറയുന്നത് വിട്ട കോടതി നടപടിക്ക് പിന്നാലെ ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തത്ക്കാലം യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

യുവതിപ്രവേശ വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാല്‍ വിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് വിവരം. ഇതുസംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകനോട് സര്‍ക്കാര്‍ നിയമോപദേശം തേടും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. ശബരിമല യുവതീ പ്രവേശത്തിന്‍ മേലുള്ള പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദമാവുകയും ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്.

അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.