ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി: പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂട്ടി. പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. ശനി,ഞായർ ദിവസങ്ങളിൽ മൂവായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. കൊവിഡിനെ തുടർന്ന് ശബരിമല ദർശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

ശബരിമല വനമേഖലയിൽ താമസിക്കുന്ന മലയരയ വിഭാഗക്കാർക്ക് കാനനപാതയിലൂടെ ശബരിമലയിൽ എത്തി ദർശനം നടത്താൻ വനംവകുപ്പ് അനുമതി നൽകി. മലയരയ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. മലയര സമൂഹത്തിന്‍റെ പ്രത്യേക അഭ്യർത്ഥ കണക്കിലെടുത്താണ് സർക്കാരിന്‍റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.

Loading...

അതേസമയം ശബരിമലയിൽ ഇതുവരെ 13529 പേര്‍ ദർശനം നടത്തി. നിലക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 37 പേർ കൊവിഡ് പോസിറ്റീവ് ആയി. സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയ ഒരു ഭക്തനും കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട് ഇല്ലെന്നും കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന ദേവസ്വം ജീവക്കാർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു.