സന്നിധാനത്ത് നാമജപ പ്രതിഷേധവുമായി 75 അംഗ സംഘം: വലയം തീര്‍ത്ത് പോലീസ്

ശബരിമല: സന്നിധാനത്ത് 75 അംഗ സംഘത്തിന്റെ നാമജപ പ്രതിഷേധം. വടക്കേ നടയിലാണ് കൂട്ടമായി ചേര്‍ന്നുള്ള നാമജപയജ്ഞം നടത്തുന്നത്. സന്നിധാനത്ത് ശരണം വിളിക്കുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാമജപയജ്ഞം.

തുടര്‍ന്ന് നടപ്പന്തലിലേക്ക് നീങ്ങാനുള്ള ഇവരുടെ ശ്രമം പോലീസ് തടയുകയും മാളികപ്പുറത്തേക്ക് മാറി നിന്നു നാമജപയജ്ഞം നടത്താന്‍ പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മാളികപ്പുറത്തേയ്ക്കുള്ള വഴിയിലേക്ക് പ്രതിഷേധ സംഘം മാറിയിട്ടുണ്ട്. പ്രതിഷേധ സംഘത്തിനു ചുറ്റും പോലീസ് കനത്ത വലയം തീര്‍ത്തിരിക്കുകയാണ്. വടക്കേനടയില്‍ പോലീസ നിര്‍ദ്ദേശപ്രകാരം ഇരുന്ന് നാമജപം നടത്തിയതിനു ശേഷം കര്‍പ്പൂരാഴി തെളിയിച്ച് അവിടെ നിന്ന് മാളകിപ്പുറം ഭാഗത്തേക്ക് പോയി. അരമണിക്കൂറോളം ഇവരുടെ പ്രതിഷേധം നീണ്ടു.

Loading...

കര്‍പ്പൂരാഴി തെളിയിച്ചുകൊണ്ട് നാമജപം നടത്തുന്ന ആചാരം ശബരിമലയില്‍ മണ്ഡലകാലത്ത് ഉള്ളതിനാല്‍ പോലീസിന് തടയാന്‍ കഴിഞ്ഞില്ല. കര്‍പ്പൂരാഴിയുമായി മാളികപ്പുറത്തു നിന്ന് 18-ാം പടിക്ക് താഴെയെത്തി ശേഷം തിരികെ മാളികപ്പുറം ഭാഗത്തേക്ക് പോകുന്നതാണ് രീതി. ഇടയ്ക്ക് നിയന്ത്രണത്തിന്റെ പേരില്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് അധികം നിയന്ത്രണത്തിന് മുന്നോട്ട് വരാതെ നിന്നു. നാമജപം നടത്തുന്നതിനും ശരണമന്ത്രം മുഴക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ പരാമര്‍ശം വന്നിരുന്നു.