ശബരിമല റോഡ് നവീകരണത്തില്‍ വ്യാപക അഴിമതി, കോടികളുടെ തട്ടിപ്പ്

ശബരിമല റോഡ് നവീകരണത്തിന്റെ പേരില്‍ അരങ്ങേറുന്നത് വ്യാപക പകല്‍ക്കൊള്ള. കരാറുകാരുടെ തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ ഒത്താശകൂടിയാകുന്നതോടെ ശബരിമല റോഡ് നവീകരണത്തിന്റെ പേരില്‍ ഓരോവര്‍ഷവും അരങ്ങേറുന്നതു കോടികളുടെ അഴിമതിയാണ്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തുകയാണ് കര്‍മ്മന്യൂസ്. ശബരിമല റോഡിന്റെ പേരില്‍ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍ തെളിവുകള്‍ സഹിതം വിജിലന്‍സില്‍ സമര്‍പ്പിച്ച പരാതി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്.

മെറ്റലിനു പകരം ഉപയോഗിക്കുന്നത് കാട്ടുകല്ലിന്‍ കഷണങ്ങള്‍, റോഡ്വശം കെട്ടാനും കാട്ടുകല്ല്, സംരക്ഷണഭിത്തി നിര്‍മിക്കുന്നതു സിമെന്റ് ഉപയോഗിക്കാതെ, ഉപരിതലത്തില്‍ ബിറ്റുമിനും കോണ്‍ക്രീറ്റുമിട്ട് ടാര്‍ ചെയ്യുന്നതോടെ സര്‍വവും ഭദ്രമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം. രാജ്യാന്തര നിലവാരത്തില്‍ ബി.എം, ബി.സി (ബിറ്റുമിന്‍ മെക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ്), പ്രധാനമന്ത്രി സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ടാറിങ് എന്നിവയിലടക്കം എസ്റ്റിമേറ്റ് തുകയുടെ പകുതിപോലും ചെലവഴിക്കുന്നില്ലെന്നു സൂചന. പഴയ ടാറിങ് പൂര്‍ണമായും ഇളക്കി ഒരു കിലോമീറ്റര്‍ അകലെ നിക്ഷേപിച്ച ശേഷമേ റോഡ് നിരപ്പാക്കലും ടാറിങ്ങും പാടുള്ളൂവെന്നാണ് എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടാറിങ് ഇളക്കി റോഡിന്റെ ഓരത്ത് കൂട്ടിയിടുകയാണ് പതിവ്. തുടര്‍ന്ന് വശം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി പഴയ ടാര്‍ നിരത്തി മുകളില്‍ സിമെന്റ് ഇടും.

Loading...

നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് റോഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൂന്നാംഘട്ടമായ ഉപരിതലം ബിറ്റുമിന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് അഴിമതി ഒളിപ്പിക്കുകയാണ് പതിവ്. പ്രത്യക്ഷത്തില്‍ അഴിമതി ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നുള്ളതാണ് വിചിത്രം. വിജിലന്‍സില്‍ പരാതിപ്പെട്ടാലും രക്ഷയില്ല. അന്വേഷണത്തില്‍ റോഡിന്റെ ഉള്ളറകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് അവരും കരാറുകാരന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് പതിവ്. അനില്‍ കാറ്റാടിക്കല്‍ പിഡബ്യുഡി വിജിലന്‍സ് എന്നിവരെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. വിജിലന്‍സ് ഡയറക്ടര്‍ പരാതി ചവറ്റുകൊട്ടയില്‍ ഇടുകയായിരുന്നു എന്ന് വ്യക്തം.

പമ്പയിലെ നിര്‍മ്മാണപ്രവര്‍ത്തികളിലും വന്‍ അഴിമതി നടക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവുകളും അദ്ധേഹം കര്‍മ്മന്യൂസുമായി പങ്കുവെയ്ക്കുന്നുണ്ട്. വന്‍തുക ചിലവഴിച്ച് നിര്‍മ്മിച്ച പടികള്‍ പലതും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പൊട്ടിപ്പൊളിഞ്ഞ് നശിച്ചുപോയിരുന്നു. വിജിലന്‍സില്‍ നിന്നും മൊഴിരേഖപ്പെടുത്തുകയോ യാതൊരു വിധ അന്വേഷണവും നത്തുകയോ ചെയ്യാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അനില്‍ കാറ്റാടിക്കല്‍. അഴിമതിയിന്മേല്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം