ശബരിമല തിരുവാഭരണ തര്‍ക്കത്തില്‍ സമവായമായില്ല

ശബരിമല തിരുവാഭരണത്തെ ചൊല്ലി പന്തളം കുടുംബത്തിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി നടത്തിയ യോഗം ഫലം കണ്ടില്ല. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ആണ് യോഗം കൂടിയത്. ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന വാദത്തില്‍ ആര്‍.ആര്‍. വര്‍മ വിഭാഗം ഉറച്ചു നിന്നതോടെ തര്‍ക്കം തുടരുകയായിരുന്നു. തര്‍ക്ക പരിഹാരത്തിനായി പന്തളം കുടുംബത്തിനുള്ളില്‍ ശ്രമം നടക്കുന്നുണ്ടെന്നും അടുത്ത മാസം ആദ്യത്തോടെ നിര്‍വാഹക സംഘത്തിന്റെ ജനറല്‍ ബോഡി യോഗം ചേരുമെന്നും നിര്‍വാഹക സംഘം അറിയിച്ചിട്ടുണ്ട്..

ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്ന നിര്‍വാഹക സംഘം ഏകപക്ഷീയമായ തീരുമാനമെടുക്കുന്നെന്നു ചൂണ്ടിക്കാട്ടി പന്തളം കുടുംബത്തിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. തുടര്‍ന്ന് തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു വിഭാഗവുമായി ചര്‍ച്ച നടത്താന്‍ അറ്റോര്‍ണി ജനറലിനെ ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിയോഗിക്കുകയായിരുന്നു. അതേസമയം, പന്തളം കുടുംബത്തിലെ തര്‍ക്കത്തില്‍ കോടതി ഇടപെടുന്നതിലുള്ള അതൃപ്തിയാണ് ഇരുവിഭാഗവും ഇന്നത്തെ യോഗത്തില്‍ അറിയിച്ചതായാണ് സൂചന. തിരുവാഭരണം സൂക്ഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അടുത്താഴ്ച പന്തളത്തെത്തും.

Loading...

എന്നാൽ ,പന്തളം കൊട്ടാരത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സ്വകാര്യതർക്കത്തിൽ വിവാദനിലപാടെടുത്ത് പണി വാങ്ങാനില്ലെന്നാണ് സർക്കാർ തീരുമാനം. തിരുവാഭരണങ്ങൾ സർക്കാർ ഏറ്റെടുക്കാനില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യാഴാഴ്ച വ്യക്തമാക്കിയത്. കോടതിയാവശ്യപ്പെട്ടാൽ പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്ന തിരുവാഭരണത്തിന് കൂടുതൽ സുരക്ഷ ഒരുക്കാമെന്നാണ് സർക്കാർ നിലപാട്. യുവതീപ്രവേശനത്തിലെന്ന പോലെ തിരുവാഭരണത്തിലും വിശ്വാസികളോട് ഏറ്റുമുട്ടാൻ സർക്കാരില്ല. പന്തളം കൊട്ടാരത്തിൽ തിരുവാഭരണം സുരക്ഷിതമാണോ എന്ന സുപ്രീം കോടതി ചോദ്യം, സർക്കാരിന് ഇടപെടാനുള്ള അവസരമാണൊരുക്കിയത്. പക്ഷെ ചാടിപ്പിടിച്ചൊരു തീരുമാനവും വേണ്ടെന്നാണ് സർക്കാർ നിലപാട്. തിരുവാഭരണം അയ്യപ്പന്റെയല്ലേയെന്ന ചോദ്യം കോടതി ഉന്നയിചിരുന്നു. അതിനാൽ, തിരുവാഭരണം ദൈവത്തിന്റെയാണോ രാജകുടുംബത്തിന്റെയാണോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.