ബോര്‍ഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ലംഘനം നടത്തി; ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ പ്രതിഷേധമറിയിച്ച് പന്തളം രാജകുടുംബം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുമാറ്റത്തില്‍ നിരാശയും പ്രതിഷേധവും അറിയിച്ച് പന്തളം രാജകുടുംബം. വിധി മൂലമുണ്ടായ പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാനെങ്കിലും ബോര്‍ഡ് ശ്രമിക്കണമായിരുന്നെന്ന് പന്തളം കൊട്ടാരം പ്രതിനിധി രവികുമാര വര്‍മ്മ പറഞ്ഞു. ബോര്‍ഡംഗങ്ങള്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയിലുള്‍പ്പെടെ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിച്ചുപോന്ന ദേവസ്വംബോര്‍ഡിന്റെ നിലപാടുമാറ്റം പന്തളം കൊട്ടാരത്തിനും സമരം നയിക്കുന്ന സംഘടനകള്‍ക്കും കടുത്ത ആഘാതമായി. പുനപരിശോധനാഹര്‍ജി ഗുണംചെയ്യില്ലെന്നുറപ്പുള്ളതിനാല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടുമെന്നും വര്‍മ പറഞ്ഞു.

രാജകുടുംബാംഗങ്ങളുടേയും ഹൈന്ദവസംഘടനകളുടേയും നേതൃത്വത്തിലുള്ള സമരത്തിന് പിന്തുണ അറിയിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ശശികുമാരവര്‍മയെ സന്ദര്‍ശിച്ചു.

അതേസമയം സ്ത്രീപ്രവേശനവിധിക്കെതിരായ സമരത്തിന് പരസ്യപിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജെല്ലിക്കെട്ട് സമരത്തിന് തുല്യമായ സമരം കേരളത്തിലുണ്ടാകുമെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പ്രഖ്യാപിച്ചു.