ജാതി-മത ഭേദമെന്യേയുള്ള ശരണം വിളിയില്‍ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; ഭക്തജന പ്രതിഷേധത്തില്‍ പ്രതീക്ഷിച്ചത് 3000 പേരെ… എത്തിയത് അരലക്ഷം പേര്‍

ജാതി-മതഭേദമെന്യേ ശരണം വിളികള്‍ തിരമാല പോലെ ഉയര്‍ന്നു താണു. അവരില്‍ ഹിന്ദുക്കള്‍ മാത്രമല്ല. തട്ടമിട്ട, തൊപ്പി ധരിച്ച മുസ്ലിങ്ങള്‍, കുരിശു വരച്ച് ക്രിസ്ത്യാനികള്‍. നഗരം ഭക്തിയില്‍ ആറാടിയ നിമിഷം മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് എതിരേ ഇന്നലെ വൈകിട്ട് പന്തളത്ത് നടന്ന നാമജപഘോഷയാത്ര വിശ്വാസികളുടെ താക്കീതായി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളാണ് നാമജപഘോഷയാത്ര നടത്തിയത്.

വലിയകോയിക്കല്‍ ക്ഷേത്രഉപദേശക സമിതിയുടെയും കൊട്ടാരത്തിന്റെയും നേതൃത്വത്തില്‍ നടന്ന എംസി റോഡ് ഉപരോധത്തിന്റെ തുടര്‍ച്ചയായിട്ടാണ് വൈകിട്ട് നാലിന് നാമജപഘോഷയാത്ര നടത്തിയത്. മൂവായിരം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചത്. എത്തിയതിന് അരലക്ഷത്തിന് മേല്‍. ഏറെയും സ്ത്രീകളും പെണ്‍കുട്ടികളും. എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.