സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേരളാ സര്‍ക്കാരിന് എന്താണിത്ര തിടുക്കം…? ലിംഗ സമത്വത്തില്‍ മുത്തലാക്കും ശബരിമലയും വെവ്വേറെ വിഷയങ്ങള്‍; ബിജെപിക്ക് ഇരട്ടമുഖമില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേരളാ സര്‍ക്കാരിന് എന്തിനാണ് ഇത്ര തിടുക്കമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അമിത്ഷാ പക്ഷേ ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിയെ മരവിപ്പിക്കുന്ന ഓര്‍ഡിനന്‍സ് സംബന്ധിച്ച കാര്യത്തില്‍ മലക്കംമറിയുകയും ചെയ്തു.

ശബരിമലവിധിയുടെ കാര്യത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിന്റെ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ മറ്റു വിധികളില്‍ കേരളാസര്‍ക്കാര്‍ ഈ താല്‍പ്പര്യം എടുക്കാത്തതെന്താണെന്ന് ചോദിച്ച അദ്ദേഹം ഇത് രാഷ്ട്രീയം കളിക്കലല്ലേ എന്നും പറഞ്ഞു. മുത്തലാക്ക് കേസില്‍ ലിംഗസമത്വത്തിനായി പിടിച്ച ബിജെപി ശബരിമല വിഷയത്തില്‍ അക്കാര്യം കാട്ടാത്തത് ഇരട്ടമുഖമല്ലേ എന്ന ചോദ്യത്തിന് അത് രണ്ടും രണ്ടു വിഷയാമണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത 13 ക്ഷേത്രങ്ങളുണ്ട്. ഏതു ഗുരുദ്വാരകളില്‍ പ്രവേശിച്ചാലും നിങ്ങള്‍ക്ക് തല മറയ്‌ക്കേണ്ടി വരും. ഇത് എല്ലാവരുടെയും വികാരങ്ങളെ മാനിക്കലാണ്. ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

സിബിഐയിലെ രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള പോരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ അച്ചടക്കം സ്ഥാപിക്കാനുള്ള നടപടിയാണ് നടത്തിയതെന്നും അതില്‍ രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു മറുപടി. ആരേയും അകത്താക്കാനോ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനോ സിബിഐ യെ ഈ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരേയും തെളിവുകള്‍ വന്നപ്പോള്‍ നടപടിയെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. രണ്ടുപേരെയും ലീവിന് അയച്ചു. സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഇരുവര്‍ക്കും എതിരേ അന്വേഷണം നടന്നുവരികയാണ്.

Top