ബിന്ദുവും കനകദുർഗയും ഇലക്ഷന്‍ വരെ നടക്കും, ഓടും, ഇരിക്കും, ശേഷം ഇവരുടെ വിധി ഞങ്ങള്‍ നടപ്പാക്കും’, കൊലവിളി തുടരുന്നു

ശബരിമലയില്‍ പ്രവേശിച്ച കനകദുര്‍ഗ്ഗയ്ക്കും ബിന്ദു അമ്മിണിക്കും വധഭീഷണി. കനകദുര്‍ഗ്ഗ താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിന്റെ ഡയറക്ടര്‍ക്ക് ലഭിച്ച കത്തിലാണ് ഇലക്ഷന്‍ കഴിയുന്നതോടെ ഇരുവരുടെയും ‘വിധി നടപ്പാക്കും’ എന്ന ഭീഷണിയുള്ളത്.

ശബരിമല പ്രവേശനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തി ഭര്‍തൃമാതാവിന്റെ മര്‍ദ്ദനത്തിനിരയായ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനുമടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പരിക്കുകള്‍ക്കു ചികിത്സ തേടിയതിനു ശേഷം വീട്ടിലെത്തിയപ്പോഴും വീട്ടുകാരുടെ എതിര്‍പ്പു നേരിട്ടതിനാല്‍ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് പൊലീസ് സുരക്ഷയോടെ മാറുകയായിരുന്നു.

വീടു പൂട്ടിപ്പോയ ഭര്‍ത്താവും വീട്ടുകാരും, കനകദുര്‍ഗ്ഗയെ ഒരു തരത്തിലും വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണുള്ളത്. ഇതിനെതിരെ കനകദുര്‍ഗ്ഗ നല്‍കിയ പരാതി പുലാമന്തോള്‍ ഗ്രാമന്യായാലയം ഇന്ന് പരിഗണിക്കാനിരിക്കേയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ മനസ്സിനെ നോവിച്ച്, ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് കയറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്ന് ആക്ഷേപിക്കുന്ന കത്തില്‍, വ്യക്ത്യധിക്ഷേപ പരാമര്‍ശങ്ങളുമുണ്ട്. ‘അടുത്ത പാര്‍ലമെന്റ് ഇലക്ഷന്‍ വരെ ഈ മിടുക്കികള്‍ നടക്കും, ഓടും, ഇരിക്കും. ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇവരുടെ വിധി ഞങ്ങള്‍ നടപ്പാക്കും. ഇല്ലെങ്കില്‍ കോടിക്കണക്കിന് വിശ്വാസികള്‍ വിഡ്ഢികളാകില്ലേ സാറേ. അല്ലെങ്കില്‍ തന്നെ ഇത്തരം അരാജകവാദ സാമൂഹിക മാലിന്യങ്ങളെ നാടിന് ആവശ്യമുണ്ടോ? കാരണം- പുതിയ തലമുറയെ നശിപ്പിക്കും’ എന്നിങ്ങനെയാണ് കത്തിലെ അധിക്ഷേപവും ഭീഷണിയും.

രഹസ്യകേന്ദ്രത്തില്‍ വച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമാണിതെന്ന് വിശദീകരിക്കുകയും, ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടറെ ഉപദേശിക്കുകയും ചെയ്യുന്ന കത്ത് കൈപ്പടയിലെഴുതിയതാണ്. വണ്‍ സ്റ്റോപ്പ് സെന്റര്‍ ഡയറക്ടറുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് ഭീഷണിപ്പെടുത്തിയതിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ശബരിമല യുവതീപ്രവേശനത്തില്‍ അനുകൂലമായി അഭിപ്രായപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കെതിരെ കായികമായ ആക്രമണങ്ങളും വധഭീഷണികളും തുടരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍.