ശബരിമലയില്‍ ‘വിശ്വാസസംരക്ഷണം’ നടത്തി പോലീസ്, തടഞ്ഞത് യുവതീ പ്രവശേനത്തിന് ചുക്കാന്‍ പിടിച്ച കോട്ടയം എസ്പിയുടെയും കെപി ശങ്കര്‍ദാസിന്റെയും ബന്ധുക്കളെ

പത്തനംതിട്ട: ശബരിമലയ്‌ക്കെത്തിയ യുവതികളെ തടഞ്ഞ് സര്‍ക്കാരിന്റെ വിശ്വാസ സംരക്ഷണം. കുഞ്ഞിന് ചോറ് കൊടുക്കാന്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ എത്തിയ യുവതികള്‍ അടങ്ങുന്ന സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടയുകയായിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കോട്ടയം എസ്.പി ഹരിശങ്കറിന്റെയും ബന്ധുക്കളെയാണ് തടഞ്ഞത്. ശങ്കര്‍ദാസ് ഇടപെട്ടിട്ടും പോലീസ് വഴങ്ങിയില്ല. ഒടുവില്‍ എസ്.പി. ഹരിശങ്കര്‍ തന്നെ ഇടപെട്ടതോടെയാണ് പമ്പയിലേക്ക് കടത്തി വിട്ടത്.

യുവതികളെ പമ്പയില്‍ തടഞ്ഞ് പുരുഷന്മാരെ മാത്രമാണ് യാത്ര തുടരാന്‍ അനുവദിച്ചത്. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇവര്‍ വന്ന വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. യുവതി പ്രവേശന വിവാദം ഉണ്ടാകുന്നതിനു മുന്‍പ് യുവതികള്‍ക്ക് പമ്പ ഗണപതി കോവില്‍ വരെ പ്രവേശം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരുടെ റോളിലേക്ക് മാറിയതോടെയാണ് നിലയ്ക്കലിന് അപ്പുറം യുവതികള്‍ക്ക് പ്രവേശനം വിലക്കിയത്.

Loading...

വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും കയറി വനിതാ പോലീസ് അടക്കമുള്ളവര്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. തിരിച്ചറിയല്‍ രേഖ ഇല്ലാത്തവരെയും സംശയം തോന്നുന്നവരെയും പമ്ബയ്ക്ക് പോകാന്‍ അനുവദിക്കുന്നില്ല. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അട്ടത്തോട്ടിലെ താമസക്കാരായ യുവതികളാണ്. രാവിലെ മറ്റു സ്ഥലങ്ങളില്‍ ജോലിക്ക് പോയി മടങ്ങി വരുന്ന ഇവരെയും നിലയ്ക്കലില്‍ പോലീസ് തടയുകയാണ്. കഴിഞ്ഞ ദിവസം അട്ടത്തോട് നിവാസികള്‍ പോലീസിനെതിരേ സമരവുമായി രംഗത്തു വന്നിരുന്നു.