ഭരിക്കുമ്പോഴും ഭരണമില്ലാത്തപ്പോഴും പാര്‍ട്ടിക്ക് രണ്ട് നയം ; മാതാവ് സബിത മഠത്തില്‍

യുഎപിഎ കേസില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ അലന്റെ മാതാവ് സബിത മഠത്തില്‍. ‘ഭരിക്കുമ്പോഴും ഭരണമില്ലാത്തപ്പോഴും പാര്‍ട്ടിക്ക് രണ്ട് നയം. വിശ്വസിച്ച പ്രസ്ഥാനത്തില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. അലന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകും.’ – സബിത പറഞ്ഞു.

അതേസമയം, കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും മനുഷ്യാവകാശ പ്രശ്നമെന്ന നിലയില്‍ നിയമസഭയില്‍ വിഷയം വീണ്ടും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടില്‍ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം.

യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു.’യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല.എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല’. ഈ വിഷയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. താഹയ്ക്കും അലനും വേണ്ടി യുഡിഎഫ് ശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം വ്യക്തമാക്കുന്നത്.

യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പൊലീസ് പറയുന്നതെല്ലാം ശരിയല്ലെന്നും അങ്ങനെ പലവട്ടം തെളിഞ്ഞതാണെന്നും ആരോപിച്ച ചെന്നിത്തല വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അറിയിച്ചു. അലന്റെയും താഹയുടെയും വിഷയത്തില്‍ ഇടപെടാന്‍ യുഡിഎഫ് തീരുമാനിച്ചതായി എം.കെ.മുനീര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും.

കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലന്‍ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അതിനിടെ യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടല്‍. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലന്‍ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

തങ്ങള്‍ ഇപ്പോഴും സിപിഎം പ്രവര്‍ത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു. എന്നല്‍ ഇവര്‍ക്ക് മറപടിയുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.