പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച സച്ചിനും ഭവ്യയും ഇന്ന് കേരളത്തിനായി ബുള്ളറ്റ് വില്‍ക്കാനൊരുങ്ങി

സച്ചിനെയും ഭവ്യയെയും മലയാളികൾ മറക്കില്ല. പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ചർ. ഇപ്പോൾ മനുഷ്യത്വത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇവർ. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്നുപോയ സഹജീവികള്‍ക്ക് സഹായമാകാനായി കുടുംബത്തിലുള്ളവര്‍ ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ നല്‍കിയ ബുള്ളറ്റ് വില്‍ക്കാനൊരുങ്ങുകയാണ് സച്ചിന്‍. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഈ അടുത്താണ് എനിക്ക് എന്‍റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്… ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്… എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു… നമ്മൾ അതിജീവിക്കും.

നിലമ്പൂരിന് സമീപമുള്ള പോത്തുകല്ലിലാണ് ഇവരുടെ വീട്. നിലമ്പൂരിലെ അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍വെച്ചാണ് സച്ചിനും ഭവ്യയും കണ്ടുമുട്ടുന്നത്. അത് പ്രണയമായി. പ്രണയത്തിന്‍റെ രണ്ടാമത്തെ മാസമാണ് ഭവ്യക്ക് സഹിക്കാനാകാത്ത പുറംവേദന വരുന്നതും അസ്ഥികളില്‍ ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നതും. പക്ഷേ, പ്രണയിച്ചവളെ വിട്ടുകൊടുക്കാനാവുമായിരുന്നില്ല സച്ചിന്. ചികിത്സ തുടങ്ങി സച്ചിന്‍ പ്രണയത്തോടെ കരുതലോടെ കൂടെനിന്നു. ഇരുവരും വിവാഹിതരായി.