സച്ചിന്‍ പുറത്ത്; ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

ഒടുവില്‍ സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി. സച്ചിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കി. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍.

രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗെഹ്‌ലോട്ട്, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല , അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Loading...

നിയമസഭാ കക്ഷിയോഗം വിട്ട് നില്‍ക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. സച്ചിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അശോക് ഗെലോട്ടിന് കീഴില്‍ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടില്‍ സച്ചിന്‍ പൈലറ്റ് ക്യാമ്ബിലെ എം.എല്‍.എമാര്‍ ഉറച്ചു നിന്നു. തനിക്കൊപ്പം 30 കോണ്‍ഗ്രസ് എംഎല്‍എമാരും ഏതാനും സ്വതന്ത്ര എംഎല്‍എമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി തര്‍ക്കം തുടരുന്നതിനിടയിലും ബി.ജെ.പിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.