സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരം: അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം

കൊച്ചി: മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സച്ചിയുള്ളത്. നടുവിനു ശസ്ത്രക്രിയക്കായാണു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ്ക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സച്ചിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ പറയാനാകുക 48- 72 മണിക്കൂറിന് ശേഷമായിരിക്കുമെന്നും ജൂബിലി മെഡിക്കല്‍ മിഷൻ ഹോസ്‍പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ്പ് റിപ്ലേസ്‍മെന്റ് ശസ്‍ത്രക്രിയ കഴിഞ്ഞാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായതെന്നും ഇന്ന് പുലര്‍ച്ചെ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്നും അധികൃതര്‍ പറയുന്നു.

Loading...

ഹിപ്പ് റിപ്ലേസ്‍മെന്റ് ശസ്‍ത്രക്രിയ സച്ചിക്ക് നടത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ സച്ചിയുടെ ആരോഗ്യനില നിയന്ത്രണത്തിലാണ്. പക്ഷേ ഹൃദയാഘത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞിട്ടുണ്ടാകും. മെഡിക്കല്‍ യൂണിറ്റ് അദ്ദേഹത്തെ നിരീക്ഷിക്കുകയാണ് എന്നും ജൂബിലി അധികൃതര്‍ പറയുന്നു. സച്ചി അടുത്തിടെ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ബോക്സ് ഓഫിസിൽ വൻ വിജയം നേടിയിരുന്നു. അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്‍തത്.