രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി വാങ്ങി പ്ലസ് ടുക്കാരി സഫ

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ നാട്ടുകാരുടെ കയ്യടി നേടി. മലപ്പുറം കരുവാരക്കുണ്ട് ഗവ.എച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥി ആണ് സഫ. പ്രസംഗം തുടങ്ങിയ രാഹുല്‍ ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന സഫ താന്‍ തയ്യാറാണ് എന്ന് കയ്യുയര്‍ത്തി കാണിച്ചു. സഫയോട് സ്‌റ്റേജിലേയ്ക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെട്ടു.

ലളിതമായ ഇംഗ്ലീഷിലുള്ള രാഹുലിന്റെ പ്രസംഗം നാട്ടുകാര്‍ക്ക് വളരെ സിമ്ബിളായി സഫ പരിഭാഷപ്പെടുത്തിക്കൊടുത്തു. There is no foolish question or wrong question എന്നതിന് രാഹുലിന്റെ പരിഭാഷ ഇങ്ങനെ – മണ്ടന്‍ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല. പ്രസംഗത്തിന് ശേഷം സഫയ്ക്ക് ചോക്ലേറ്റ് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടക്കി അയച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Loading...

സയന്‍സിന്റെ പ്രധാന്യത്തെ കുറിച്ചാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വ്യക്തമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളാണ് കേരളത്തില്‍ എങ്കിലും ചില പോരായ്മകള്‍ ഉണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പാമ്ബുകടിയേറ്റ് മരിച്ച സംഭവമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്. തന്നാല്‍ ആകുന്ന വിധത്തില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫണ്ട് നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ പ്രസംഗം ഭംഗിയായി തന്നെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഫ പരിഭാഷപ്പെടുത്തിയത്.

കരുവാരക്കുണ്ട് സ്‌കൂളിലെ സയന്‍സ് കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുല്‍ അടുത്തതായി എടക്കര പഞ്ചായത്ത് കോംപ്ലക്‌സാണ് ഉദ്ഘാടനം ചെയ്യുന്നത്. വയനാട്ടിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്ബുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീട് നാളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ബത്തേരിയിലെ സര്‍വ്വജന സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് നിലമ്ബൂരില്‍ നേതൃയോഗത്തില്‍ പങ്കെടുത്ത് തിരുവമ്ബാടിയിലേക്ക് പോകും. അവിടെ നിന്ന് കല്‍പറ്റയിലെത്തുന്ന രാഹുല്‍ ആറ്, ഏഴ് തീയതികളില്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിന് രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും

നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ സംസ്‌കാരങ്ങള്‍ക്കും എല്ലാ മതങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ജനങ്ങളോട് ബന്ധമില്ലാത്ത ലോകത്താണ് മോദിയും അമിത് ഷായും ജീവിക്കുന്നത്. അതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടാവാന്‍ കാരണം. ജനങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.