അൻസിയുടെയും അഞ്ജനയുടേയും മരണം; ഡിജെ ഹാളിൽ ക്യാമറകൾ കൊണ്ട് കെണിയൊരുക്കിയെന്ന് സൈജുവിന്റെ വെളിപ്പെടുത്തൽ

കൊച്ചിയിൽ മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളുകളിൽ സജ്ജീകരിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ മോഡലുകളെ കാട്ടി ഭീഷണിപ്പെടുത്താനായി ശ്രമിച്ചെന്ന് സൈജു തങ്കച്ചൻ വെളിപ്പെടുത്തി. നമ്പർ 18 ഹോട്ടൽ ഉടമയായ റോയിയും, സൈജുവും ചേർന്നാണ് പാർട്ടി ഹാളിൽ ക്യാമറകൾ സ്ഥാപിച്ചത്.

യുവതികൾ ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ റോയിയുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങളും ഇത്തരത്തിൽ ഇവർ പകർത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ അറിയാതെ ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി ഇത് കാണിച്ച് അവരെ ഭീഷണിപ്പെടുത്തി ഇരുവരും ചേർന്ന് ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Loading...

സൈജുവിന്റെ കാക്കനാടുള്ള ഫ്‌ളാറ്റിലും ഇത്തരത്തിൽ ലഹരിപാർട്ടികൾ നടത്താറുണ്ട്. ഒരിക്കൽ ഇതിൽ പങ്കെടുക്കാൻ മരിച്ച യുവതികളെ സൈജു നിർബന്ധിച്ചു. എന്നാൽ ഇവർ ഇത് നിരസിച്ചതോടെയാണ് സൈജു യുവതികളെ പിന്തുടർന്നത്.

അപകട ദിവസം ഹോട്ടലിൽ റോയിയുടെ സഹായത്തോടെ യുവതികൾക്ക് വേണ്ടി ഡിജെ പാർട്ടി നടത്താൻ സൈജു പദ്ധതിയിട്ടിരുന്നു. ഇതിന് പുറമേ യുവതികൾക്കൊപ്പം എത്തിയ ഡ്രൈവർ അബ്ദുൾ റഹ്മാൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർക്ക് സൈജുവും റോയും ചേർന്ന് ലഹരി കലർത്തിയ മദ്യം അമിതമായി നൽകിയിരുന്നു. എന്നാൽ ഹോട്ടലിലെ ലഹരിപാർട്ടിക്കായുള്ള സൈജുവിന്റെ ക്ഷണവും യുവതികൾ നിരസിച്ചു.

തുടർന്ന് ലഹരിപാർട്ടി കഴിഞ്ഞ മടങ്ങുമ്പോൾ യുവതികളെ കൂട്ടിക്കൊണ്ടുപോകാൻ ആയിരുന്നു സൈജുവിന്റെ പദ്ധതി. ഇതിനായാണ് പിന്തുടർന്നത്. ഇതിനിടെ റോയിയുമായി സൈജു സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.