സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു; മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാന്‍, വി.എന്‍ വാസവന്‍ എന്നിവര്‍ക്ക് കൈമാറി

തിരുവനന്തപുരം: ഭരണഘടനനിന്ദ പരാമര്‍ത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാന്‍, വി.എന്‍ വാസവന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ കൈമാറിയത്. സാംസ്കാരിക വകുപ്പ് വി.എന്‍ വാസവന്‍ കൈകാര്യം ചെയ്യും. യുവജനക്ഷേമ വകുപ്പിന്റെ ചുമതല മുഹമ്മദ് റിയാസിനാണ്. ഫിഷറീസ് വകുപ്പ് വി.അബ്ദുറഹ്മാന്‍ കൈകാര്യം ചെയ്യും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

സജി ചെറിയാന് പകരം തല്‍ക്കാലത്തേക്ക് മന്ത്രിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ​ബാലകൃഷ്ണനും ഇതേനിലപാടാണ് സ്വീകരിച്ചത്. കോടതിയില്‍നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍ തിരിച്ച്‌ വരാനുള്ള സാധ്യത കൂടി സി.പി.എം തുറന്നിടുന്നുണ്ട്. എന്നാല്‍, നിയമപരമായി കൂടി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച്‌ ആലോചിക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതി വിളിച്ച്‌ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. നിലവില്‍ സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ. കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ രാജിയെ കുറിച്ച്‌ ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തിരുന്നു.

Loading...

കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്ബോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ സജി ചെറിയാന് മന്ത്രിപദം രാജിവെക്കേണ്ടി വന്നിരുന്നു.