ഷെയ്‌നെ ഒതുക്കാന്‍ പെയ്ഡ് ന്യൂസ്, തെളിവ് സഹിതം പുറത്തുവിട്ട് സംവിധായകന്‍ സാജിത് യാഹിയ

മലയാള സിനിമയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ച വിഷയം ഷെയ്ന്‍ നിഗമിന്‍െ വിലക്കാണ്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഷെയ്‌നെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തി സംവിധായകനും സിനിമാ പ്രാന്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യഹിയ.

മലയാളത്തിലെ പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയെ വിലക്കെടുത്തുള്ള പ്രചരണമാണ് ഷെയിന് നേരെ നടക്കാന്‍ പോവുന്നതെന്ന് സാജിദ് യഹിയ ഫേസ്ബുക്കില്‍ കുറിച്ചു. വാട്ട്‌സ്ആപ്പില്‍ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടോട് കൂടിയാണ് സാജിദ് ആരോപണമുന്നയിച്ചത്.

Loading...

സംവിധായകന്‍ സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും..

മോജു മോഹന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജ് ആണിത്

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനു എതിരെ പോസ്റ്റ്‌സ്, സ്റ്റോറീസ് വരണം. അതായത് ‘പെയ്ഡ് ന്യൂസ്’. വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു. പക്ഷെ പിന്നാമ്പുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.
#തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.
വിലക്കിനോട് യോജിപ്പില്ല, ഒതുക്കലിനോടും.

അതേസമയം ഷെയ്ന്‍ നിഗത്തെ വിലക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ നടന്‍ സലിംകുമാര്‍ രംഗത്തെത്തി. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്.

നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്ന് ഓര്‍ക്കണമെന്ന് സലിംകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

നമസ്‌കാരം.

ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.ഞാനും നിര്‍മ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. അയാള്‍ക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണം.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കുക.പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയില്‍ ഒരുപാട് സംഘടനകള്‍ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളില്‍ തന്നെയാണ്. ആര്‍ക്കുമൊരു കേടുപാടുമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അതിനെയാണ് നമ്മള്‍ സംഘടനാമികവ് എന്ന് പറയുന്നത്.

ഷെയിന്‍ നിഗം എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വെള്ളപൂശാനല്ല ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. തെറ്റ് തിരുത്താന്‍ അയാള്‍ക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസില്‍ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവന്‍ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ തങ്ങളുടെ പടത്തില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിര്‍മ്മാതാവിന് ഇല്ലേ.
നിങ്ങളിപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയറ്ററില്‍ ആളെക്കൂട്ടുന്നത്.

നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങള്‍ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാല്‍, അതോടെ നമ്മളുടെ കത്തിക്കല്‍ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.
ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടില്‍ ക്ഷുദ്രജീവികള്‍ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികള്‍ക്കാണെന്നും ഓര്‍ക്കുമല്ലോ. സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരില്‍ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നത്. ഷെയിന്‍ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.

എന്ന്,
സലിംകുമാര്‍.