ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്പോൾ ഒരുത്തൻ ഓടി അടുത്തേക്ക്. ചോദ്യം എൻക്വയറി എവിടേയാ എന്നതാണ് ;പക്ഷെ നോട്ടം മുലയിലേക്കും! ;ദുരനുഭവം വിവരിച്ച് സജിതാ മഠത്തില്‍

കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് സജിതാ മഠത്തില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സജിതാ മഠത്തില്‍ തനിക്ക് നേരെയുണ്ടായ മോശം അനുഭവം വിവരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറാനുള്ള വരവാണ്. പ്ലാറ്റ്ഫോം നമ്പറും ബോഗി നമ്പറും നോക്കി, കൃത്യം നാൽപത്തി ഒന്നു ദിവസം വൃതമെടുത്ത തുടയും മാറും കാണിച്ചു നടക്കുന്ന അയ്യപ്പഭക്തന്മാരെ കണ്ട് എന്റെ പെൺമതവികാരം വ്രണപ്പെടാതെ ഒഴിഞ്ഞുമാറി പതുക്കെ ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്പോൾ ഒരുത്തൻ ഓടി അടുത്തേക്ക്. ചോദ്യം എൻക്വയറി എവിടേയാ എന്നതാണ്.

പക്ഷെ നോട്ടം മുലയിലേക്കും! കണ്ണിലേക്ക്, മുഖത്തേക്ക് ഒന്നു പാളി നോക്കുന്നു പോലുമില്ല. പൂർണ്ണ ശ്രദ്ധ മുലയിലേക്ക് മാത്രം! വീണ്ടും ചോദിച്ചപ്പോൾ എന്റെ തലയിലെ അപായ ബൾബ് കത്തി. തന്റെ യഥാർത്ഥ എൻക്വയറി എന്താണെന്ന് ഞാൻ ശബ്ദമുയർത്തിയപ്പോൾ എല്ലാ അന്വേഷണത്വരയും അവസാനിപ്പിച്ച് കക്ഷി ആൾകൂട്ടത്തിലേക്ക്!

ഞാനെന്തോ കുഴപ്പം ചെയ്തു എന്ന മട്ടിൽ!
എൺപതുകൾ മുതൽ കേരളത്തിൽ ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങിയ ഒരാളാണ് ഞാൻ. കൂടിയതും കുറഞ്ഞതുമായ ഇത്തരമൊരു അനുഭവമില്ലാതെ ഒരു രാത്രിയാത്രയും എന്റെ ഓർമ്മയിലില്ല!

Top