‘കുട്ടി ന്യൂജെന്‍ ഒക്കെ തന്നെയാ, പക്ഷെ ഇത്ര എടുത്തുചാട്ടം വേണ്ട കേട്ടോ’, യുവ നടിയോട് സലിംകുമാര്‍

പുതുമുഖങ്ങള്‍ അണിനിരക്കുന്ന പുതിയ ചിത്രമാണ് ‘മുന്തിരിമൊഞ്ചന്‍: ഒരു തവള പറഞ്ഞ കഥ.’ ചിത്രത്തില്‍ നടന്‍ സലിംകുമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഉണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ പുതുമുഖ നടിയായ അഖിലയുടെ മനോധൈര്യം കണ്ട് സലിംകുമാര്‍ ഞെട്ടിയതാണ് വാര്‍ത്ത. ചിത്രത്തില്‍ അഖില കിണറ്റിലേക്ക് ചാടുന്ന ഒരു രംഗമുണ്ട്. അഖിലയ്ക്ക് ചാടാനായി പ്രത്യേകം കുഴിച്ച സാമാന്യം ആഴമുള്ള കിണറ്റിലേക്ക് ഒരു കൂസലുമില്ലാതെ നടി ‘എടുത്തുചാടു’കയിരുന്നു. അതും സേഫ്റ്റി റോപ്പിന്റെ സഹായം പോലും ഇലാതെ.

ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അഷ്‌റഫ് ഗുരുക്കള്‍ അഖിലയുടെ ദേഹത്ത് കെട്ടാനുള്ള സേഫ്റ്റി റോപ്പുമായി എത്തിയപ്പോള്‍, കിണറ്റിലേക്ക് ഒന്ന് നോക്കിയ ശേഷം ‘കയറൊന്നും വേണ്ടങ്കിള്‍, ഞാന്‍ ചാടിക്കൊള്ളാം’ എന്ന് പറഞ്ഞുകൊണ്ടാണ് നടി ഈ സാഹസം കാട്ടിയത്. എന്നാല്‍ കിണറ്റിലേക്ക് ചാടുന്ന ഷോട്ടിന്റെ മൂന്ന് ടേക്കിലും ഒരു കൂസലുമില്ലാതെ നടി കിണറ്റിലേക്ക് ചാടുകയും ചുറ്റുമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം സലിംകുമാര്‍ അഖിലയുടെ ഈ ധീരത കണ്ട് അല്‍പ്പമൊന്ന് ഞെട്ടി. ‘കുട്ടി ന്യൂജെന്‍ ഒക്കെ തന്നെയാ, പക്ഷെ ഇത്ര എടുത്തുചാട്ടം വേണ്ട കേട്ടോ’ എന്നായിരുന്നു സലിംകുമാറിന്റെതമാശരൂപേണയുള്ള ഉപദേശം.

Loading...