രാജ്‌മോഹന്‍ ഉണ്ണിത്താന് പിന്തുണയുമായി സലിം കുമാറും വിനയനും

ബോര്‍ഡില്‍ നിന്ന് രാജിവക്കാനുള്ള സിനിമക്കാരുടെ നിലപാട് സംശയാസ്പദമാണ്. അവര്‍ക്ക് പല ഉള്ളുകളികളുമുണ്ട്. സാബു ചെറിയാന്‍ ചെയര്‍മാനായിരുന്നിട്ട് വലിയ പ്രയോജനമൊന്നുമുണ്ടായില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താനെ സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനാക്കിയതിനെതിരെ സിനിമക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ ഉണ്ണിത്താന് പിന്തുണയുമായി നടന്‍ സലിംകുമാറും സംവിധായകന്‍ വിനയനും രംഗത്ത്. ഉണ്ണിത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല നല്ലൊരു നടന്‍ കൂടിയാണെന്നും അദ്ദേഹം ചെയര്‍മാനാകുന്നതില്‍ എന്താണ് തെറ്റെന്നും സലിംകുമാര്‍ ചോദിച്ചു. ഉണ്ണിത്താന്റെ നിയമനത്തിന്റെ പേരില്‍ താന്‍ കെ.എസ്.എഫ്.ഡി.സിയില്‍ നിന്ന് രാജിവക്കില്ലെന്നും സലിംകുമാര്‍ പറഞ്ഞു. ബോര്‍ഡില്‍ നിന്ന് രാജിവക്കാനുള്ള സിനിമക്കാരുടെ നിലപാട് സംശയാസ്പദമാണ്.

അവര്‍ക്ക് പല ഉള്ളുകളികളുമുണ്ട്. സാബു ചെറിയാന്‍ ചെയര്‍മാനായിരുന്നിട്ട് വലിയ പ്രയോജനമൊന്നുമുണ്ടായില്ലെന്നും സലിംകുമാര്‍ പറഞ്ഞു. ഗണേഷ്‌കുമാര്‍ മന്ത്രിയായി വന്നപ്പോഴാണ് തന്നെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഗണേഷ്‌കുമാര്‍ രാജിവെക്കണമെന്ന് പറഞ്ഞാല്‍ താന്‍ രാജിവെക്കുമെന്നും ഇടവേള ബാബുവിന്റെ കാറില്‍ കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ എന്ന ബോര്‍ഡ് വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണിത്താനെ ചെയര്‍മാനാക്കിയതിനെതിരെ ചിലര്‍ രാജിവെക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. അദ്ദേഹം ഒരു നടന്‍ കൂടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Loading...

അതേസമയം കോര്‍പ്പറേഷനില്‍ നിന്നും താനടക്കമുള്ള അംഗങ്ങള്‍ രാജി വക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. കെഎസ്എഫ്ഡിസിയില്‍ ഇത്തവണയും വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും തുടരാന്‍ ആഗ്രഹിക്കുന്നില്ല, ഇന്നോ നാളെയോ കോര്‍പ്പറേഷനില്‍ രാജിക്കത്ത് സമര്‍പ്പിക്കും.

സിനിമയ്ക്ക് അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അമ്മ അംഗങ്ങള്‍ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിക്കേണ്ടെന്ന് ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. സിനിമാരംഗത്തേക്ക് രാഷ്ട്രീയക്കാരെ കൊണ്ടുവരുന്നുവെന്നാരോപിച്ച് ബോര്‍ഡംഗങ്ങളായ ഷാജി കൈലാസ്, മണിയന്‍പിള്ള രാജു, എസ്. കുമാര്‍. ദിലീപ് എന്നിവര്‍ നേരത്തേ രാജിഭീഷണി മുഴക്കിയിരുന്നു. കാലാവധി പൂര്‍ത്തിയായ സാബു ചെറിയാന് പകരമായിട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സര്‍ക്കാര്‍ നിയോഗിച്ചത് പുതിയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായി സഞ്ജയ്, എം.എം. ഹംസ, കെ.സി. അബു, ശാസ്തമംഗലം മോഹന്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഇടവേള ബാബു വൈസ് ചെയര്‍മാനും ദീപാ ഡി. നായര്‍ മാനേജിങ് ഡയറക്ടറുമാണ്. ചെയര്‍മാനായി ബുധനാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചുമതലയേല്‍ക്കും.