ചാത്തന്നൂര്‍: കര്‍ഷകരെ കുറിച്ച് നടന്‍ സലിം കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ പ്രോത്സാഹനം നല്കി നല്ല കൃഷിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കര്‍ഷകര്‍ക്ക് കുറ്റ കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് വളര്‍ത്താനും സംരക്ഷിക്കുവാനുമേ അറിയൂ എന്നും നിരവധി ജയിലുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയായി ഒരു കര്‍ഷകനെയും അവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും സലിം കുമാര്‍ പറഞ്ഞു. അഗ്രികള്‍ച്ചര്‍ അതാണ് കള്‍ച്ചര്‍ നമ്മുടെ സംസ്‌കാരമെ ന്നും അദ്ദേഹം പറഞ്ഞു. കല്ലുവാതുക്കല്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക ആഘോഷവും അമ്മ പ്രഭ പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യമായ ആചാരങ്ങളെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കണം. കേരളത്തില്‍ ഗള്‍ഫിലെ ഈന്തപ്പന വളരില്ല ഗള്‍ഫ് നാടുകളില്‍ കേരളത്തിലെ പാളയം കോടന്‍ വാഴയും വളരില്ല. അതുപോലെയാണ് ഓരോ നാടിന്റെയും സംസ്‌കാരം വല്ലവന്റെയും സംസ്‌കാരങ്ങളെ നമ്മുടെ മണ്ണിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുമ്പോള്‍ നശിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരത്തെയാണ്.
ആണ്‍കുട്ടികള്‍ക്ക് ബൈക്കും പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും വാങ്ങിച്ചു നല്കുന്ന രക്ഷാകര്‍ത്താക്കള്‍ വലിയ ദുരന്തത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളെ നമ്മളെപ്പോലെ വളര്‍ത്തണം. നല്ല ചലച്ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്ലെന്നും മൂന്ന് ചിത്രങ്ങള്‍ നിര്‍മിച്ച അനുഭവം അദ്ദേഹം പറഞ്ഞു. കലാരൂപങ്ങള്‍ക്ക് സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാട്ടിലെ നന്മകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പരിതപിച്ചു.
നേരത്തെ തന്റെ അമ്പതാം പിറന്നാളിന് സലിംകുമാര്‍ പങ്കുംവെച്ച കുറിപ്പ് വൈറലായിരുന്നു.
അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ചുറി തികച്ചു….ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കി തീര്‍ക്കാന്‍ സാധിച്ചു….
അനുഭവങ്ങളേ നന്ദി…. ! ഈ ഇന്നിങ്സില്‍ ടോട്ടല്‍ 10 പ്രാവശ്യമാണ് അംപയര്‍മാര്‍ ഔട്ട് വിളിച്ചത്. എന്നാല്‍ എന്റെ അപ്പീലില്‍ അതെല്ലാം തള്ളി പോവുകയാണുണ്ടായത്. ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.
എന്നാല്‍ തേര്‍ഡ് അംപയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു. എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാര്‍ ഔട്ട് ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാന്‍.
പ്രിയ സുഹൃത്തുക്കളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം…..ഈ ഇന്നിങ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം. എന്നാലും ക്രീസില്‍ നില്‍ക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി ഒരു ഡിഫെന്‍സ് ഗെയിമും ഞാന്‍ കളിക്കുകയില്ല. നില്‍ക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും…
ഈ അന്‍പത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ….അപ്പോഴെല്ലാം എനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഇപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നില്ല,
കാരണം ‘നന്ദി’ വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സില്‍ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്നേഹത്തോടെ
സലിംകുമാര്‍a