യമനില്‍ ഹൂതികള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ സല്‍മാന്റെ വിടുതലും കാത്ത് കുടുംബം

സന്‍ആ: യമനില്‍ ഹൂതികള്‍ അനധികൃതമായി തട്ടിക്കൊണ്ടുപോയില്‍ തടവിലാക്കിയ സല്‍മാന്റെ വിടുതലും കാത്ത് കുടുംബം.യമനിലെ സന്‍ആയില്‍ നിന്നാണ് സല്‍മാനെ പോലീസ് ചമഞ്ഞെത്തിയ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയത്. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം കോളജിന് സമീപം മേലത്തേങ്ങാടി സല്‍മാനെയാണ് (42) 10 ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്. സല്‍മാന്‍ ഇപ്പോള്‍ സന്‍ആയിലെ സെന്‍ട്രല്‍ ജയിലിലാണുള്ളതെന്ന് ഭാര്യ പറഞ്ഞു.

പൊലീസ് ചമഞ്ഞ് വന്ന ആളുകളാണ് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് സല്‍മാനെ കൊണ്ടുപോയതെന്ന് റിയാദിലുള്ള സഹോദരന്‍ അബ്ദുല്‍ മുഅ്മിന്‍ പറഞ്ഞു. സല്‍മാനൊപ്പം മറ്റ് രണ്ട് മലയാളികളെയും ഫിലിപ്പീന്‍സ് സ്വദേശികളെയും പിടികൂടിയിരുന്നു. കഴിഞ്ഞദിവസം വിട്ടയക്കപ്പെട്ട രണ്ട് മലയാളികള്‍ പറയുമ്പോഴാണ് സല്‍മാന്‍ ജയിലിലുള്ള കാര്യം സന്‍ആയിലുള്ള ഭാര്യ ഖമറുന്നിസയും ബന്ധുക്കളും അറിയുന്നത്.

Loading...

ഭാര്യ ചൊവ്വാഴ്ച രാവിലെ ജയിലിലത്തെി സല്‍മാനെ സന്ദര്‍ശിച്ചു. ഹൂതികള്‍ ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ലെന്നും വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്നും സല്‍മാന്‍ ഭാര്യയോട് പറഞ്ഞു.

തുടര്‍ന്ന് സഹോദരന്‍ യമനിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. യമനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന തിരക്കിലായതിനാല്‍ ഇടപെടാന്‍ സാവകാശം വേണമെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്. ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫിനെയും സമീപിച്ചിട്ടുണ്ട്.

12 വര്‍ഷത്തോളമായി സല്‍മാന്‍ യമനിലുണ്ട്. ഭാര്യയും അഞ്ച് മക്കളും കൂടെയുണ്ട്. മതപഠനത്തോടൊപ്പം പാര്‍ടൈം ജോലിയും ചെയ്തുവരികയായിരുന്നു. 1998 മുതല്‍ 2001 വരെ ഖത്തര്‍ മതകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നു.

അതേസമയം, സന്‍ആയില്‍ നിന്ന് വിമാന മാര്‍ഗം ആളുകളെ ഒഴിപ്പിക്കുന്ന നടപടി ബുധനാഴ്ച നിര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യമന്‍ വിടണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ബുധനാഴ്ച സന്‍ആയിലത്തെണം. ചൊവ്വാഴ്ച മൂന്ന് വിമാനങ്ങളിലായി 600ഓളം പേരെ സന്‍ആയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂതിയില്‍ എത്തിച്ചു.

26 രാജ്യങ്ങളിലെ 232 പൗരന്മാരെയും യമനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ സഹായിച്ചു. ജിബൂതിയില്‍ നിന്ന് അഞ്ച് വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി ഇന്ത്യയിലേക്ക് പറന്നത്. ബഹ്റൈന്‍, ബംഗ്ളാദേശ്, കനഡ, ജിബൂതി, ഈജിപ്ത്, ഫ്രാന്‍സ്, ഹംഗറി, ഇന്തോനേഷ്യ, ഇറ്റലി, ജോര്‍ഡന്‍, കെനിയ, ലബനാന്‍, മാല്‍ദീവ്സ്, മൊറോക്കോ, മ്യാന്മര്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, റുമാനിയ, റഷ്യ, ശ്രീലങ്ക, സ്വീഡന്‍, സിറിയ, ഉഗാണ്ട, യു.കെ, യു.എസ്.എ രാജ്യങ്ങളുടെ പൗരന്മാരെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച പാകിസ്താന്‍ കപ്പലില്‍ യമനില്‍ നിന്ന് കറാച്ചിയിലത്തെിയ നാലു മലയാളികളടക്കം 11 പേരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലത്തെിക്കും.