ഇനി കേരളത്തിലെ ഡാമുകളില്‍ നിന്നും മണല്‍ വാരാം… വില്‍ക്കാം; വിലക്കയറ്റത്തിന് പരിഹാരം

തിരുവനന്തപുരം : ഇനി കേരളത്തിലെ ഡാമുകളില്‍ നിന്നും മണല്‍ വാരാം… സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്.

അടുത്ത മാര്‍ച്ച് മാസത്തിന് മുന്‍പായി ദശകോടികള്‍ വിലവരുന്ന ഈ മണല്‍ശേഖരം ഘട്ടംഘട്ടമായി വില്‍ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി രണ്ട് മാസത്തിനകം 10 ലക്ഷം ഘനമീറ്റര്‍ മണല്‍ വിപണിയില്‍ എത്തിക്കും. മണല്‍ക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസമാകുന്നതാണ് പദ്ധി. ഇതോടെ മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.

Loading...

സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മണല്‍ വാരി വില്‍പ്പണ നടത്താമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല, വ്യവസ്ഥകള്‍ക്ക് വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ കെട്ടിവെക്കമെന്നു മാത്രം.

ചൂഷണം തടയാന്‍ മണല്‍ വാരുന്ന ഇടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കും. വാരുന്ന മണലിന്റെ കണക്കും അതിന് അനുസരിച്ചുള്ള ഫീസും മാസത്തില്‍ ഒരിക്കല്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കണം.

മണല്‍ പൊതുവിപണിയില്‍ വില്‍ക്കാം. അതിന്റെ വില കരാറുകാര്‍ക്ക് നിശ്ചയിക്കാം.നിലവില്‍ ഒരു ലോഡ് മണലിന് 3500- 9000 രൂപ വരെയാണ് വില.
അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി 10 ശതമാനം കൂട്ടാമെന്നും ഇതിലൂടെ സംസ്ഥാനത്തിന് 800 ദശലക്ഷം ഘനമീറ്റര്‍ അധികജലം സംഭരിക്കാമെന്നുമാണ് പ്രതീക്ഷ.

ഇതിലൂടെ 5000 കോടിയോളം രൂപയുടെ പരോക്ഷ നേട്ടമുണ്ടാക്കും. അഞ്ച് പുതിയ റിസര്‍വോയറുകള്‍ സ്ഥാപിക്കുന്നതു തുല്യമായ നേട്ടമാണിത്.

സംസ്ഥാനത്ത് ഡാമുകളില്‍ മണ്ണ് നിറഞ്ഞ് 15 ശതമാനം വരെ ജലസംഭരണ ശേഷി കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. ജലസേചന വകുപ്പിന് കീഴില്‍ 16 ഇടത്തരം വന്‍കിട ഡാമുകളും അഞ്ച് ബാരേജുകളുമാണുള്ളത്. വലിയ ഡാമുകള്‍ക്ക് ശരാശരി 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഈ കാലയളവില്‍ മണ്ണും, എക്കലും നിറഞ്ഞ് ഡാമുകളില്‍ 12 മുതല്‍ 15 ശതമാനം വരെ സംഭരണ ശേഷി കുറഞ്ഞതായാണ് കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പഠന റിപ്പോര്‍ട്ട്. അടിത്തട്ടില്‍ 40 ശതമാനം മണലുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

നെയ്യാര്‍, കല്ലട, മലങ്കര, വാഴാനി, പീച്ചി, ചിമ്മിനി, മലമ്പുഴ, മംഗലം, പോത്തുണ്ടി, മീന്‍കര, ചുള്ളിയാര്‍, വാളയാര്‍, കാഞ്ഞിരപ്പുഴ, ശിരുവാണി, കാരാപ്പുഴ, കുറ്റ്യാടി എന്നീ ഡാമുകളിലാണ് പഠനം പൂര്‍ത്തിയായത്. പൂതത്താന്‍കെട്ട്, പഴശ്ശി, മണിയാര്‍, മൂലത്തറ, ചീരക്കുഴി എന്നിവയാണ് ബാരേജുകള്‍. ഇവിടെ അടിഭാഗം വരെയുള്ള ഷട്ടറുകള്‍ എപ്പോഴും തുറന്നുവയ്ക്കുന്നതിനാല്‍ മണ്ണും എക്കലുമെല്ലാം വെള്ളത്തോടൊപ്പം ഒലിച്ചുപോകും. മേജര്‍ ഡാമുകളുടെ ഷട്ടറുകള്‍ മേല്‍ഭാഗത്തായതിനാല്‍ മണ്ണും എക്കലും നിറയുക സ്വാഭാവികം.

ജലസേചന ഡാമുകളുടെ മൊത്തം ജലസംഭരണ ശേഷി 1570 ദശലക്ഷം ഘനമീറ്റാണ്. ഇത് ഡാം നിര്‍മിച്ച കാലത്തെ കണക്കാണ്. അതിലാണ് മണ്ണ് നിറഞ്ഞ് 15 ശതമാനം വരെ സംഭരണ ശേഷി കുറഞ്ഞത്. ഡാമിന്റെ അടിത്തട്ടില്‍ അടിഞ്ഞുകുടിയ മണ്ണും എക്കലും നീക്കം ചെയ്‌തെങ്കില്‍ മാത്രമേ പൂര്‍ണസംഭരണ ശേഷി നിലനില്‍ക്കൂ.