സ്വർണക്കടത്ത്: സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന: സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും സന്ദീപും പങ്കെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായകരെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും ഇയാളും പങ്കെടുത്തിട്ടുണ്ട്.

സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ മറ്റൊരു പ്രതി സരിത്തുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സന്ദീപിന്റെ ഭാര്യനിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് രണ്ട് മണിക്കൂർ പിന്നിട്ടു. സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്ന് ചില നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ കസ്റ്റംസിന് മൊഴി നൽകി. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞില്ലെന്ന് സൗമ്യ മൊഴി നൽകിയതായാണ് വിവരം.

Loading...

സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് നിർവഹിച്ചത്. സന്ദീപുമായി സ്പീക്കറെ ബന്ധിപ്പിച്ചത് സ്വപ്‌നയാണെന്നാണ് വിവരം. ഇത് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള വലിയ റാക്കറ്റാണ് ഈ സ്വർണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സന്ദീപ് എവിടെയെന്നും അറിയില്ലെന്ന് തന്നെയാണ് സൗമ്യയുടെ മറുപടി