മുംബൈ: സിംബാബ്‌വെയ്ക്കെതിരെ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു വി. സാംസണെ ഉൾപ്പെടുത്തി. അമ്പാട്ടി റായിഡുവിനു പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ റായിഡുവിന് മൂന്നാഴ്ച വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് സീനിയർ സെലക്‌ഷൻ കമ്മിറ്റിയാണ് മികച്ച ഫോമിലുള്ള സഞ്ജുവിന്റെ പേര് നിർദേശിച്ചത്. ബിസിസിഐ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കി.

അതിനിടെ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിലെത്തിയ അതേദിവസം തന്നെ കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് സഞ്ജുവിന് ഇരട്ടി മധുരമായി.

Loading...

സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും. ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ മലയാളി ബാറ്റ്സ്‌മാന്‍ ആണ് സഞ്ജു. ഇതിനു മുമ്പ് ഇന്ത്യന്‍ ടീമില്‍ എത്തിയ മലയാളി താരങ്ങള്‍ എല്ലാം ബോളര്‍മാര്‍ ആയിരുന്നു.

സിംബാംബ്‌വെയ്ക്കെതിരായ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു മൽസരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഇനി ഒരു ഏകദിനവും രണ്ട് ട്വന്റി20 മൽസരങ്ങളുമാണ് പരമ്പരയിൽ അവശേഷിക്കുന്നത്. റോബിൻ ഉത്തപ്പയായിരുന്നു കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യയുടെ വിക്കറ്റ്കീപ്പർ. എന്നാൽ ബാറ്റിങ്ങിൽ ശോഭിക്കാത്ത ഉത്തപ്പയ്ക്ക് പകരം മികച്ച ഫോമിലുള്ള സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കൂടുതലാണ്.