ശാന്തന്‍പാറ സംഭവം, റിസോര്‍ട്ട് മാനേജറുടെ കുറ്റസമ്മത വീഡിയോ, പോലീസിന് പോലും ഞെട്ടല്‍

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി റിസോര്‍ട്ട് മാനേജര്‍. റിസോര്‍ട്ട് മാനേജര്‍ തൃശൂര്‍ സ്വദേശി വസീമിന്റെ കുറ്റസമ്മത വീഡിയോ സന്ദേശമാണ് പുറത്തെത്തി. റിജോഷിനെ ഇല്ലാതാക്കിയത് താനാണെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വസീം വീഡിയോ സന്ദേശത്തില്‍ പറയുന്നു. തന്റെ സഹോദരനാണ് വസീം വീഡിയോ സന്ദേശം അയച്ചത്. ഇത് പോലീസിന് കൈമാറുകയായിരുന്നു.

ഇടുക്കി രാജാക്കാടു നിന്നും ഒരാഴ്ച മുമ്പാണ് യുവാവിനെ കാണാതാകുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് സ്വകാര്യ റിസോര്‍ട്ടിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിക്ക് സമീപം മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

Loading...

റിജോഷിന്റെ ഭാര്യ ലിജി (29), റിസോര്‍ട്ടിന്റെ മാനേജര്‍ തൃശൂര്‍ സ്വദേശി വസീം(31) എന്നിവരെ നവംബര്‍ മുതല്‍ കാണാനില്ലായിരുന്നു. ഇരുവരും ചേര്‍ന്ന് റിജോഷിനെ ഇല്ലാതാക്കിയതായി പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. എന്നാല്‍, വസീമും ലിജിയും എവിടെയെന്നതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജേഷിനെ കാണാതായത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.

ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്‍. ചാക്കില്‍ കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇതിനിടെ ലിജിയേയും വസീമിനേയും തിങ്കളാഴ്ച കുമളിയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ കുമളിയില്‍ നിന്ന് കമ്പംമേട്ട് വഴി തമിഴ്‌നാട്ടില്‍ എത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്‌നാട്ടിലും വസീമിന്റെ സ്വദേശമായ തൃശൂരിലും പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.