കൊളംബോ: മതാതീത ആത്മീയ കേന്ദ്രമായശാന്തിഗിരി ആശ്രമത്തിന്റെ ആത്മീയ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൊളംബോയിലേക്കും വ്യാപിപ്പിക്കുമെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. കൊളംബോയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ശേഷം സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ ആശ്രമത്തിന്റെ ആത്മീയ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും, ആതുരസേവാരംഗത്തു് പുത്തന്‍ ഇടപെടലുകള്‍ നടത്തുവാനുമാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. കൊളംബോയില്‍ ശാന്തിഗിരി ആശ്രമം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരഭിച്ചു കഴിഞ്ഞു. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഔഷധസസ്യകൃഷി വ്യാപിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. സിദ്ധവൈദ്യത്തിന്റെ വ്യാപകമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രാരംഭഘട്ടത്തില്‍ പഠനത്തിനായി വിദ്യാര്‍ത്ഥികളെ ഇവിടെ എത്തിക്കുന്നതിന് ശ്രമിക്കും. ആയുര്‍വേദ സിദ്ധ ഗവേഷണത്തിനുള്ള ശ്രമങ്ങളും നടത്തും. ജൂലൈയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചെന്നും സ്വാമി പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍ : ശാന്തിഗിരി ശ്രീലങ്ക പ്രോജക്ട് ഡിസ്‌കഷനുമായി ബന്ധപ്പെട്ട് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി ജനനന്മ, ഡോ. വി.അരുണാചലം എന്നിവര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടൊപ്പം.