ബിജെപി പ്രവർത്തകൻ സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ആറ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തലശ്ശേരി: അണ്ടലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എട്ട് പേരില്‍ ആറ് പേരുടെ അറസ്റ്റാണ് ശനിയാഴ്ച രാവിലെ രേഖപ്പെടുത്തി.

രോഹിന്‍, മിഥുന്‍, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്. ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സന്തോഷിന്‍റേത് രാഷ് ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന് പി.ജയരാജനും പാര്‍ട്ടിക്ക് ബന്ധമില്ല എന്ന കോടിയേരി ബാലകൃഷ്ണന്റേയും വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പോലീസിന്‍റെ കണ്ടെത്തല്‍.
തലശ്ശേരി ബ്രണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ചില ബി.ജെ.പിസി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു സന്തോഷിന് നേര്‍ക്കുള്ള ആക്രമണം.
സംഭവദിവസം ഉച്ചയ്ക്ക് ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. സി.പി.എം. പ്രവര്‍ത്തകരായ അഞ്ചംഗസംഘമാണ് അക്രമത്തിനെത്തിയത്. അക്രമികളെ കണ്ട ഇയാള്‍ ഓടിരക്ഷപ്പെട്ടു.

ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിക്കുന്നതിനിടയില്‍ ഒന്നിച്ചുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പരിക്കേറ്റ ചിറക്കുനി ചിറത്താഴവീട്ടില്‍ രഞ്ജിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സതേടി. ഈ അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ക്ക് സന്തോഷിനെ കൊലചെയ്തതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.