പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്

ന്യൂഡൽഹി: സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാർ ശർമയ്ക്ക് വിട. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുകയായിരുന്നു. ആറു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് ശിവ്കുമാർ ശർമ. സിൽസില, ചാന്ദ്‌നി ഉൾപ്പെടെ ഒട്ടേറെ സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കി. പത്മശ്രീ, 2001ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.

1938ൽ ജമ്മുവിൽ ജനിച്ച ശിവ്കുമാർ ശർമ സന്തൂറിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമാണ് സന്തൂർ. പുല്ലാങ്കുഴൽ വാദകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്നാണ് ഒട്ടേറെ സിനിമകൾക്ക് സംഗീതം നൽകിയത്. സിൽസിൽ, ലാംഹെ, ചാന്ദ്നി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. മകൻ രാഹുൽ ശർമ, അറിയപ്പെടുന്ന സന്തൂർ വാദകനാണ്.

Loading...