ചൊവ്വയിലേക്ക് ചിറകുവിരിച്ച യുഎഇയുടെ പെണ്‍ശക്തി; സാറ അല്‍ അമീരി

ആകാശത്തിനും അപ്പുറം സ്വപ്‌നങ്ങളുള്ള പെണ്‍കരുത്ത്. സാറ അല്‍ അമീരി എന്ന യുഎഇ ബഹിരാകാശ ഗവേഷകയ്ക്ക് ഏറ്റവുമിണങ്ങുന്ന വിശേഷണം ഇതായിരിക്കും. ഭൂമിയും കടന്ന് ചൊവ്വയിലേക്ക് കുതിക്കാനുള്ള യുഎഇയുടെ മോഹങ്ങള്‍ ചിറകു വിടര്‍ത്തിയത് സാറയുടെ ആത്മവിശ്വാസത്തിന് മുകളിലാണ്. പ്രതീക്ഷയെന്ന് അര്‍ത്ഥം വരുന്ന അല്‍ അമല്‍ (ഹോപ്പ് പ്രോബ്) ചൊവ്വയിലെത്തുമ്പോള്‍ അത് സാറയുടെ വിജയം കൂടിയാകുന്നു.

മറ്റൊരു ചൊവ്വാദൗത്യവും പോലെ ആയിരുന്നില്ല യുഎഇയുടേത്. ഇതിനു പിന്നില്‍ കൈ മെയ് മറന്ന് യത്നിച്ചവരില്‍ 34 ശതമാനവും സ്വദേശി വനിതകളായിരുന്നു. അതിന് നായകത്വം വഹിച്ചത് 34കാരി സാറയും.

Loading...

യു.എ.ഇയുടെ അഡ്വാന്‍സ് സയന്‍സ്‌ സഹമന്ത്രിയും ബഹിരാകാശ പദ്ധതിയുടെ മേധാവിയുമാണ് ഈ വനിത. യു.എ.ഇ വിക്ഷേപിച്ച 12ല്‍പരം ഉപഗ്രഹങ്ങള്‍ക്ക് പിന്നിലും ഇവരുടെ കൈകളുണ്ട്. അതുകൊണ്ടാണ് ബിബിസി ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടിക തയാറാക്കിയപ്പോള്‍ സാറ അതില്‍ ഇടംപിടിച്ചത്. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അല്‍ അമീരി. നാലു വര്‍ഷം മുമ്പാണ് ഇവര്‍ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ ചുമതലക്കാരിയായി നിയമിതയായത്.