‘ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്’

നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നല്‍കിയ പരാതിയില്‍ ഷെയ്ന്‍ വ്യക്തമാക്കിയത്. മുടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫെയ്സ്ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. ‘ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്.’ ഉചിതമായ ഇടപെടലുണ്ടാകണമെന്ന് ശാരദക്കുട്ടി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Loading...

യുവനടന്‍ ഷെയ്ന്‍ നിഗമിന്റെ ജീവന് ഭീഷണി മുഴക്കിക്കൊണ്ടുള്ള പ്രശസ്ത സിനിമാനിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഓഡിയോ കേള്‍ക്കാനിടയായി. അയാളുപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണ്.

ഷെയ്ന്‍ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. മികച്ച നടനായിരുന്നിട്ടും, നമ്മള്‍ വേണ്ട രീതിയില്‍ ആദരിക്കാനും അംഗീകരിക്കാനും കൂട്ടാക്കാതെ പോയ അബിയുടെ മകനാണ്. ഒരു കുടുംബത്തിന്റെ ആശ്രയവും കലാലോകത്തിന്റെ പ്രതീക്ഷയുമാണ്.

ആ ഓഡിയോയില്‍ കേള്‍ക്കുന്ന ഭയജനകമായ ഭാഷ ഒരു ജനാധിപത്യ സമൂഹത്തിന് കേട്ടിരിക്കാനോ താങ്ങാനോ വെച്ചുപൊറുപ്പിക്കാനോ ആകുന്നതല്ല. ഇന്നലെയും ഇത്തരമൊരു വിഷയത്തില്‍ നമ്മള്‍ ആശങ്കപ്പെട്ടതാണ്. തീര്‍ച്ചയായും പ്രകടമായ തെളിവുകളുള്ള ഇത്തരം അക്രമ ഭീഷണികള്‍ക്കെതിരെ, ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കേണ്ടതാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണനു നേരെ വരുന്ന ഭീഷണിയോളം ഗൗരവം ഓരോ ചെറിയ മനുഷ്യന്റെയും ഭയങ്ങള്‍ക്കു നേരെ ഉണ്ടാകണം. ഉചിതമായ ഇടപെടലുണ്ടാകണം.

എസ്.ശാരദക്കുട്ടി