ഇന്ത്യന്‍ തീരത്തെ മത്സ്യസമ്പത്തില്‍ വന്‍ ഇടിവ്, മത്തി കേരളതീരം വിടുന്നു

കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യവിഭവമായ മത്തി കേരളതീരം വിടുന്നതായി പഠനം. കൊച്ചിയിലെ കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ മത്തി കേരളതീരത്ത് കുറഞ്ഞതായി വെളിപ്പെടുത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2014ല്‍ 92,000 ടണ്‍ മത്തി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.എം.എഫ്.ആര്‍.ഐ മേധാവികള്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ മത്സ്യ ലഭ്യതയിലും കേരള തീരത്ത് വന്‍കുറവുണ്ട്. 2013ല്‍ 6.71 ലക്ഷം ടണ്‍ മത്സ്യങ്ങള്‍ പിടിച്ച സ്ഥാനത്ത് ഇക്കുറി 5.76 ലക്ഷം ടണ്‍ മാത്രമാണ് ആകെ പിടിച്ചത്.

രാജ്യത്തെ ആകെ മത്സ്യലഭ്യതയില്‍ ഗുജറാത്തിനും (7.12ലക്ഷം ടണ്‍), തമിഴ്‌നാടിനും (6.65ലക്ഷം) പിന്നില്‍ മൂന്നാമതാണ് കേരളത്തിന്റെ സ്ഥാനം. ഇന്ത്യന്‍ തീരത്തെ മത്സ്യലഭ്യതയിലും കാര്യമായ ഇടിവുണ്ടായി. 37.8 ലക്ഷം ടണ്ണില്‍നിന്ന് കഴിഞ്ഞ വര്‍ഷം 35.9 ലക്ഷം ടണ്ണായാണ് ലഭ്യത കുറഞ്ഞത്. അയല, കൂന്തള്‍, ചെമ്മീന്‍ എന്നിവയില്‍ കേരളതീരത്ത് വര്‍ധനവുണ്ടായപ്പോള്‍, വറ്റ, കിളിമീന്‍, കൊഴുവ എന്നിവ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. കേരളത്തിനു പുറമെ ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദാമന്‍ദിയു സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം മത്സ്യലഭ്യതയില്‍ കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് കേരള തീരത്തെ മത്സ്യലഭ്യതക്ക് തിരിച്ചടിയായതെന്ന് വിദഗ്ധര്‍ വിശദീകരിച്ചു. മത്സ്യങ്ങളുടെ പ്രജനന കാലത്ത് കടലില്‍ ജെല്ലിഫിഷുകളുടെ (കടല്‍ച്ചൊറി) വന്‍തോതിലുള്ള സാന്നിധ്യമാണ് മത്തി ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടിയാവുന്നതെന്നും സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞര്‍ പറഞ്ഞു.