തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സരിത്തിന്റെ അഭിഭാഷകൻ രംഗത്ത്. 25 കിലോ സ്വർണം ബാഗേജിലുണ്ടെന്ന് സരിത് പറഞ്ഞുവെന്ന് അഭിഭാഷകൻ കൃഷ്ണൻ നായർ വെളിപ്പെടുത്തി.
ഈ മാസം നാലിന് സരിത് തന്നെ കാണാൻ വന്നിരുന്നു. അപ്പോഴാണ് നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അതിൽ 25 കിലോ സ്വർണം ഉണ്ടെന്ന് പറയപ്പെടുന്നുവെന്നും പറയുന്നത്. നിരവധി ഉന്നതർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത് പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം നശിക്കുകയോ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുകയോ ചെയ്താലും തങ്ങൾക്ക് സൗഭാഗ്യത്തിൽ ജീവിക്കണമെന്ന് ചിന്തിക്കുന്ന സ്വർണ കച്ചവടക്കാരാണ് ഇതിന് പിന്നിൽ. അവരൊക്കെ വീണ്ടും സ്വതന്ത്രമായി ഈ ബിസിനസ് തന്നെ ചെയ്യും. ഇതിനു പിന്നിലുള്ളവരെ പിന്നീട് വെളിപ്പെടുത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.
കസ്റ്റംസ് എത്താൻ നിർദേശിക്കുന്നുവെന്നും പോകണോ എന്ന് ചോദിക്കുകയും ചെയ്തു. അഞ്ചാം തീയതി രാവിലെ പോകേണ്ടെന്നും വൈകുന്നേരം പോയാൽ മതിയെന്നും താൻ നിർദേശിച്ചു. തന്റെ നിർദേശം പോലും ലംഘിച്ച് സരിത്ത് പോയത് നിരപരാധിയാണെന്ന ചിന്തകൊണ്ടാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇപ്പോൾ വന്ന ബാഗേജിൽ ആയുധങ്ങളൊന്നുമില്ല. ഇത് സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നും ഇതിൽ വേറെയും കണ്ണികളുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.