തിരുവനന്തപുരം: സരിതയുടെ കത്തിലെ പരാമര്‍ശങ്ങള്‍ വെറുതെ തള്ളിക്കളയാനുള്ളതല്ലെന്നും, ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്നും സിപിഐ(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സരിതയുടെ 23 പേജുള്ള കത്തും പുതുതായി യഥാര്‍ഥമെന്ന് സരിത പറഞ്ഞ് പുറത്തായ കത്തിലെ വിവരങ്ങളും വിലപ്പെട്ട തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കത്തിന്റെ പൂര്‍ണരൂപം സോളാര്‍ കമ്മീഷന്‍ കണ്ടെടുക്കണം. വെളിച്ചംകാണാതെ പോയ വസ്തുതകള്‍ എന്താണെന്ന് തെളിയിക്കണമെന്നും ആരോപണ വിധേയരായവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജയിലില്‍വെച്ച് സരിത എഴുതിയ 23 പേജുള്ള മൊഴി നാല് പേജായി ചുരുങ്ങിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. മൊഴി അഭിഭാഷകന് കൈമാറുന്നതുകണ്ട പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സരിതയുടെ മൊഴിയിലൂടെ ഇപ്പോള്‍ ജോസ് കെ.മാണിയുടെ പേരും പുറത്തുവന്നിരിക്കുന്നു. തനിക്ക് എന്തൊക്കെ സംഭവിച്ചുവെന്ന് സരിത മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മൊഴി താന്‍ കണ്ടിരുന്നുവെന്ന് പി.സി.ജോര്‍ജ് നേരത്തെ പറഞ്ഞതാണ്. സര്‍ക്കാര്‍ ചീഫ് വിപ്പാണ് ഇത് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ അടിയന്തര നിയമനടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
അഴിമതിയെക്കുറിച്ചുള്ള തര്‍ക്കമാണ് യു.ഡി.എഫില്‍ നടക്കുന്നത്. വിവാദങ്ങളുടെ ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടിയാണ്. അതുകൊണ്ടാണ് പി.സി.ജോര്‍ജിനെ ഉമ്മന്‍ചാണ്ടി തൊടാത്തത്. ശിഥിലമായിക്കൊണ്ടിരിക്കുന്ന ഇങ്ങനെയൊരു മുന്നണിക്കും സര്‍ക്കാരിനും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങിപ്പോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.