കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ്‌ സോളാര്‍ തട്ടിപ്പ്‌ നടത്താനായി സരിത എസ്‌. നായര്‍ മുതലെടുത്തതെന്നു പി.സി. ജോര്‍ജ്‌ എം.എല്‍.എ. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷനു മൊഴി നല്‍കി. കൂടാതെ സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു 30 ലക്ഷം രൂപ നല്‍കിയെന്ന്‌ തനിക്കു നല്‍കിയ കത്തില്‍ സരിത എസ്‌. നായര്‍ വ്യക്‌തമാക്കിയിരുന്നെന്നു പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. കൊച്ചിയില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷനു മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലരില്‍നിന്നായി കോടികള്‍ വാങ്ങി സരിത മന്ത്രിമാര്‍ക്കും നേതാക്കന്‍മാര്‍ക്കും നല്‍കി. പിടിക്കപ്പെടുമ്പോള്‍ സരിതയുടെ കൈവശം പണമുണ്ടായിരുന്നില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനായി സരിതയെ പണം കൊടുത്തു സഹായിച്ചത്‌ അവരുമായി ബന്ധമുള്ള നേതാക്കളാണ്‌. സോളാര്‍ ഇടപാടിലൂടെ സരിതയേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ആന്റോ ആന്റണി എം.പി. ചെയ്‌തിരുന്നത്‌. സരിത ഉള്‍പ്പെട്ട സോളാര്‍ പദ്ധതി വിവാദമായപ്പോള്‍ അത്‌ ഉപേക്ഷിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിലെ വ്യവസായി സജി ഏബ്രഹാമുമായി ആന്റോ ആന്റണിക്ക്‌ ബന്ധമില്ലെന്നു പറയുന്നത്‌ ശരിയല്ല. ശ്രീലങ്ക, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ ആന്റോ ആന്റണി ഭാര്യയോടൊപ്പം കറങ്ങിയത്‌ സജി ഏബ്രഹാമിന്റെ പണമുപയോഗിച്ചാണ്‌. ഹോട്ടലുകളില്‍ മുറി ബുക്ക്‌ ചെയ്‌തതും മറ്റു ചെലവുകള്‍ വഹിച്ചതും ഇയാളാണ്‌. സജി ഏബ്രഹാമിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നു പണം ചെലവഴിച്ചതിന്റെ രേഖകള്‍ പി.സി. ജോര്‍ജ്‌ കമ്മിഷനു കൈമാറി.

Loading...

സോളാര്‍ കേസില്‍ കൂടുതല്‍ തെളിവിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ.സി. ജോസഫ്‌, എം.പിമാരായ ആന്റോ ആന്റണി, ജോസ്‌ കെ. മാണി, മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫിലുണ്ടായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ്‌ എന്നിവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണം. ഇതിനായി ഐടി വിദഗ്‌ധനായ കോഴിക്കോട്‌ സ്വദേശി വിനോദ്‌ ഭട്ടതിരിപ്പാടിന്റെ സഹായം തേടണം.

സോളാര്‍ പാനല്‍ സ്‌ഥാപിക്കുന്നതിനായി അനര്‍ട്ട്‌ 14 കമ്പനികളെ തെരഞ്ഞെടുത്തതില്‍ ടീം സോളാര്‍ ഉണ്ടായിരുന്നില്ല. പട്ടികയില്‍ ടീം സോളാറിനെക്കൂടി ഉള്‍പ്പെടുത്താനായാണ്‌ സരിത എം.പിമാരെ കൂട്ടുപിടിച്ചത്‌. അതിനു വേണ്ടിയാണ്‌ സരിത ഡല്‍ഹിക്കു പോയത്‌. ബാര്‍ മുതലാളിമാരില്‍നിന്നു കിട്ടിയ പണത്തിന്റെ ആദ്യ ഗഡു ജോസ്‌ കെ. മാണിക്കെതിരേ ആരോപണം ഉന്നയിക്കാതിരിക്കാനായി മന്ത്രി കെ.എം. മാണി സരിതയ്‌ക്കു നല്‍കിയതായി സംശയമുണ്ടെന്നും പി.സി. ജോര്‍ജ്‌ മൊഴി നല്‍കി.

സരിതയുടെ കത്തില്‍ മുഖ്യമന്ത്രി, ആര്യാടന്‍ മുഹമ്മദ്‌, കെ.സി. ജോസഫ്‌, അഞ്ച്‌ യുവ എം.എല്‍.എമാര്‍, ജോസ്‌ കെ. മാണി എന്നിവരുടെ പേരുണ്ടെന്നും അദ്ദേഹം കമ്മിഷനെ അറിയിച്ചു. സരിതയുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌. സഹകരണ സ്‌ഥാപനം വഴി കേരളത്തില്‍ മുഴുവന്‍ സോളാര്‍ പാനല്‍ സ്‌ഥാപിക്കാനുള്ള സി.എല്‍. ആന്റോയുടെ പദ്ധതിക്കു തുരങ്കം വച്ചതു വഴി സംസ്‌ഥാന സര്‍ക്കാര്‍ രാജ്യദ്രോഹമാണു നടത്തിയതെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.

ജുഡീഷ്യല്‍ കമ്മിഷന്റെ ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ സാക്ഷിവിസ്‌താരത്തിനിടെ ഭൂചലനം അനുഭവപ്പെട്ടതിനാല്‍ സിറ്റിങ്‌ നിര്‍ത്തിവച്ചു. ജോര്‍ജിന്റെ സാക്ഷി വിസ്‌താരം മറ്റൊരു ദിവസം തുടരും.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണോ പണം വാങ്ങിയതെന്ന ചോദ്യത്തിന്‌, മുഖ്യമന്ത്രി തന്നെയല്ലേ പണം വാങ്ങിയത്‌ എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. തട്ടിപ്പില്‍ 1.5 കോടി രൂപ നഷ്‌ടപ്പെട്ട ഒരാള്‍ പരാതിയുമായി ക്ലിഫ്‌ ഹൗസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സരിതയെ കണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയ മറ്റു ചില മന്ത്രിമാരുടെ പേരുകളും കത്തിലുണ്ട്‌. കെ.സി. ജോസഫ്‌ പണം വാങ്ങിയതായി കത്തില്‍ പറഞ്ഞിട്ടില്ല. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പണം വാങ്ങിയതായി തനിക്കു ലഭിച്ച കത്തിലുണ്ട്‌. സംസ്‌ഥാനത്ത്‌ രണ്ടു മാസത്തിനുള്ളില്‍ രാഷ്‌ട്രീയ മാറ്റമുണ്ടാകും. കൂട്ടായി ഒരു ജാഥ നടത്താന്‍ പോലും കഴിയാത്ത യു.ഡി.എഫ്‌. പിരിച്ചുവിടണം. അഴിമതിക്കെതിരേ പോരാടാന്‍ ആരുടെ കൂടെയും നില്‍ക്കുമെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.