തിരുവനന്തപുരം: സരിത അസാധ്യ കഴിവുകളുള്ള സ്ത്രീയാണ്. ദുഷിച്ച സമൂഹമാണ് അവരെ വഴിതെറ്റിച്ചത്. സ്ത്രീയെ വെറും കച്ചവടച്ചരക്കാക്കി കാണുന്ന മാനസികനിലയുടെ ഇരയാണ് സരിതയെന്ന് പി.സി ജോര്‍ജ് പറഞ്ഞു. കൂടാതെ യേശുവിനോടൊപ്പം കുരിശുണ്ടെങ്കില്‍ കുരിശിനിരുവശവും കള്ളന്മാരുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍വകലാശാല യൂനിയന്‍ യൂനിവേഴ്സിറ്റി കോളജില്‍ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു പി.സി ജോര്‍ജ് തന്റെ അഭിപ്രായം പ്രതിപാദിച്ചതു്‌.

അധ്യയനവര്‍ഷത്തിലെ അവസാന ദിവസം യൂനിവേഴ്സിറ്റി കോളജിലത്തെിയ ജോര്‍ജ് ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞും കുട്ടികളെ ഗുണദോഷിച്ചും കാമ്പസിലെ താരമായി. സാധാരണ കര്‍ഷക കുടുംബത്തിലാണ് മാണി സാര്‍ ജനിച്ചത്. ബുദ്ധിമുട്ടിയാണ് പഠിച്ചത്. അഭിഭാഷകനായിരുന്നെങ്കിലും പ്രാക്ടീസ് ചെയ്ത് പണമുണ്ടാക്കാനൊന്നും അദ്ദേഹത്തിന് സമയം കിട്ടിയിട്ടില്ല. പിന്നെ മാണിക്ക് സ്വത്ത് എവിടെനിന്ന് ഉണ്ടായെന്ന് കുട്ടികള്‍ തിരിച്ച് ചോദിച്ചപ്പോള്‍ അത് തനിക്കറിയില്ലെന്നും കണ്ണുള്ളവന്‍ കാണട്ടെ ചെവിയുള്ളവന്‍ കേള്‍ക്കട്ടെയെന്നുമായിരുന്നു ജോര്‍ജിന്‍െറ മറുപടി.

Loading...

കേരള രാഷ്ട്രീയത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി തനിക്ക് വ്യക്തമായ അറിവുണ്ട്. എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം വിശദമായി പരിശോധിക്കാറുണ്ട്. എല്ലാ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാറുണ്ട്. അങ്ങനെ കിട്ടിയ കാര്യങ്ങളൊക്കെ മനസ്സില്‍ സൂക്ഷിക്കുന്നതല്ലാതെ ആരെയും അപമാനിക്കാന്‍ ഉപയോഗിച്ചിട്ടില്ല.

സരിതയുടെ രഹസ്യകത്ത് വായിച്ച ചുരുക്കം പേരിലൊരാളാണു താന്‍. ഇതുവരെ അത് പുറത്ത് പറഞ്ഞിട്ടില്ല. 25 പേജുള്ള കത്തായിരുന്നു അതു്‌. മുഴുവന്‍ താന്‍ വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സും ശരീരവും തളര്‍ന്നു എന്നതാണ് സത്യം. അത് പുറത്തുപറയാന്‍ ഇടവരുത്തരുതേയെന്നാണ് പ്രാര്‍ഥന.

ബജറ്റ് ദിനത്തില്‍ മാണി സാറിനെ സഭയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് താനാണ്. മാണിസാറിന്‍െറ 13ാം ബജറ്റ് നിലവാരമനുസരിച്ച് 13ാം സ്ഥാനത്താണ്. പക്ഷേ, അത് ചര്‍ച്ച ചെയ്യപ്പെടാത്തത് പ്രതിപക്ഷത്തിന്‍െറ പരാജയമാണ്. എം.എല്‍.എമാര്‍ ജനവികാരം നിയമസഭക്കുള്ളില്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ലെന്നും ജോര്‍ജ് പറഞ്ഞു.

കിട്ടിയ അവസരത്തില്‍ വിദ്യാര്‍ഥികളെ ഗുണദോഷിക്കാനും ജോര്‍ജ് മറന്നില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ അടിയുണ്ടാക്കാനുള്ള കോളജിലെ വിദ്യാര്‍ഥികളുടെ മിടുക്ക് തനിക്കറിയാമെന്ന് പറഞ്ഞ ജോര്‍ജ് കൂട്ടത്തില്‍ യൂനിവേഴ്സിറ്റി കോളജിനെ ചരിത്ര സ്മാരകമായി മാറ്റി അധ്യയനം മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും നിര്‍ദേശിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും കോളജില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാന്‍ എസ്.എഫ്.ഐക്കാര്‍ തയാറാകണമെന്നും പറഞ്ഞാണ് സംവാദം അവസാനിപ്പിച്ചത്.