കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം താന്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ വിളിച്ചിരുന്നതായി മുന്‍ പി.എ ടി.ജി പ്രദോഷ്. ചെന്നിത്തലയുടെ പി. എ ആയിരുന്ന പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് ഇയാളില്‍ നിന്ന് മൊഴിയെടുക്കാന്‍ കമീഷന്‍ വിളിച്ചു വരുത്തിയത്. 2012ലാണ് ചെന്നിത്തല പറഞ്ഞിട്ട് താന്‍ സരിതയെ വിളിച്ചത്. രമേശ് ചെന്നിത്തലയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സരിത ഫോണ്‍ വിളിച്ച് ഇതിനായി സമയം ആവശ്യപ്പെടുകയും ചെയ്തെന്ന് പ്രദോഷ് കമീഷനെ അറിയിച്ചു.ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്ര മന്ത്രി പളനി മാണിക്യത്തെ വിളിച്ചതിന്‍റെ സത്യാവസ്ഥ അറിയാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. കേന്ദ്ര മന്ത്രിയെ സരിത വിളിച്ച വിവരമറിഞ്ഞ ചെന്നിത്തല തന്നോട് സരിതയെ വിളിച്ച് വിവരങ്ങള്‍ ആരായാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും സോളാര്‍ കമീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ പ്രദോഷ് വ്യക്തമാക്കി.

 

Loading...