ഉമ്മന്‍ ചാണ്ടിയുടെ കള്ളങ്ങള്‍ വെളിച്ചത്താകുന്നു, ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി സരിതയുടെ കത്തില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് പൊളിഞ്ഞടിയുന്നു. താന്‍ ശ്രീധരന്‍നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറില്‍ പോയതായും ഉമ്മന്‍ ചാണ്ടി എല്ലാ വിധ സഹായങ്ങളും ഉറപ്പു നല്‍കിയതായും സരിത ഇന്ന് മാധ്യമങ്ങളെ കാണിച്ച യഥാര്‍ഥ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കും സഹായികള്‍ക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഏതെങ്കിലും തരത്തില്‍ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ക്ക് വന്ന പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറായതുമില്ല. പേഴ്‌സണല്‍ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

Loading...

ക്വാറി ഉടമ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി അത് നിഷേധിച്ചു. എന്നാല്‍ ഇന്ന് സരിത മാധ്യമങ്ങളെ കാണിച്ച കുറിപ്പുകളുടെ ഉള്ളടക്കം വ്യക്തമാക്കുന്നത് സോളാര്‍ കേസ് പുറത്തുവന്നത് മുതല്‍ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശ്രീധരന്‍ നായരോടൊപ്പം ചേംബറില്‍ എത്തി കണ്ടതായി കുറിപ്പില്‍ പറയുന്നു. നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി പാലക്കാട്ട് കിന്‍ഫ്രയില്‍ ഭൂമി ഉള്‍പ്പെടെ സോളാര്‍ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തതായും സരിതയുടെ കുറിപ്പില്‍ പറയുന്നു.