കൊച്ചി: ഇടക്കൊച്ചി സ്റ്റേഡിയത്തിനു ഉടക്കു വച്ചത് ശശി തരൂര്‍ എംപിയെന്ന് ബിസിസിഐ ഉപാധ്യക്ഷന്‍ ടി.സി. മാത്യു. ഫയല്‍ പോലും കാണാതെയാണ് അന്നത്തെ പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷ് അനുമതി നിഷേധിച്ചത്. ശശി തരൂരുമായുള്ള ബന്ധത്തിന്റെ പുറത്താണ് ജയ്‌റാം രമേശ് ഇടക്കൊച്ചി സ്റ്റേഡിയത്തിന്റെ അനുമതി നിഷേധിച്ചത്. ഇടക്കൊച്ചി സ്റ്റേഡിയത്തിന് എതിര്‍പ്പൊഴിവാക്കാന്‍ 25 ലക്ഷം കോഴ ചോദിച്ചെന്നും മാത്യു ആരോപിച്ചു. ഗുണ്ടകളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് കോഴ ആവശ്യപ്പെട്ടത്. ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതിയില്‍ നിന്നു പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം കൊച്ചിയില്‍ അനുവദിക്കരുത്. തിരുവനന്തപുരത്തെ അനുവദിക്കാവൂ എന്ന് അന്ന് വിഴിഞ്ഞം തുറമുഖ സ്ഥലം സന്ദര്‍ശിച്ച ജയ്‌റാം രമേശിനോട് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ അതു കെസിഎ തീരുമാനിച്ചോളുമെന്നും മറ്റാരും ഇടപെടേണ്ടതില്ലെന്നും സമീപമുണ്ടായിരുന്ന മന്ത്രി കെ.ബാബു പറഞ്ഞു. ടിപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടയാണ് കോഴ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമീപിച്ചത്. എന്നാല്‍ കോഴ കൊടുക്കാന്‍ തയാറല്ലെന്ന് കെസിഎയും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചപ്പോള്‍ സ്ഥലത്തിന്റെ വിഡിയോ ചിത്രീകരിച്ച് കണ്ടല്‍ക്കാടുകളുണ്ടെന്നു കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരെ ഇറക്കുകയുമായിരുന്നു. പാടം എന്ന് രേഖകളിലുള്ള സ്ഥലമാണ് സ്റ്റേഡിയത്തിനായി തിരഞ്ഞെടുത്തത്.
2005നു മുന്‍പുള്ള ഗൂഗിള്‍ മാപ്‌സില്‍ ഇവിടം കണ്ടല്‍ക്കാടുകളുണ്ടായിരുന്നില്ലെന്നും ടി.സി. മാത്യു പറഞ്ഞു. ഇപ്പോള്‍ അവിടെ കണ്ടല്‍ക്കാടുകള്‍ ഉണ്ടെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.