നോ ഡാറ്റ എവെയ്‍ലബിൾ: മോദി സർക്കാരിനെ പരിഹസിച്ച് ശശി തരൂർ

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ മുതൽ കർഷക ആത്മഹത്യ വരെയുള്ള കണക്കുകൾ ലഭ്യമല്ലെന്ന് പറഞ്ഞ എൻഡിഎ സർക്കാരിന്റെ നിലപാടിനെതിരെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്. നോ ഡാറ്റ എവെയ്‍ലബിൾ ആണെന്ന് കോൺഗ്രസ് എംപി ശശി തരൂർ വിമർശിച്ചു. കർഷക ആത്മഹത്യയുടെ കാര്യത്തിലാകട്ടെ സംസ്ഥാനങ്ങൾ വിവരം നൽകിയിട്ടില്ലെന്നാണ് കേന്ദ്രം പറഞ്ഞത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കേന്ദ്രം പറഞ്ഞു.

“കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കർഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകൾ, ജിഡിപി വളർച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങൾ- സർക്കാർ എൻഡിഎക്ക് പുതിയ അർഥം നൽകിയിരിക്കുന്നു”.. എന്നാണ് തരൂരിൻറെ ട്വീറ്റ്.

Loading...

കൊറോണ വൈറസ് കാരണം ജോലി നഷ്ടമായവരുടെ എണ്ണം, കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ, രാജ്യത്താകെയുള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്ഡൌണിൽ ജീവൻ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് മോദി സർക്കാർ പാർലമെൻറിലെ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞത്.