രാജ്യദ്രോഹ കുറ്റം, സുപ്രീം കോടതിയെ സമീപിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് രാജ്യദ്രോഹത്തിന് വിവിധ സംസ്ഥാനങ്ങളില്‍ കേസെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ശശി തരൂരിനൊപ്പം മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡേ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി ഐടിഒയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷം ജനിപ്പിക്കുന്നതുമായ രീതിയില്‍ ഇവര്‍ ട്വീറ്റ് ചെയ്‌തെന്നാണ് പോലീസിന്റെ ആരോപണം.

Loading...

ട്രാക്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്നാണ് ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചതെന്നും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നു ട്വീറ്റ് ചെയ്തതിലൂടെ സമൂഹത്തില്‍ വിദ്വേഷവും അസ്വസ്തതയും പടര്‍ത്താനാണ് ശ്രമിച്ചതെന്നും ഡല്‍ഹി പോലീസ് വിശദമാക്കിയിരുന്നു. ഇതിനു പിന്നാലെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലെ പോലീസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.