ജയലളിതയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണത്തിനും തയ്യാർ,പനീർസെൽവം വഞ്ചകൻ;ശശികല

ചെന്നൈ : ജയലളിതയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണത്തിനും തയ്യാറെന്ന് ശശികല. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയലളിതയുടെ ആശുപത്രി വാസത്തെ കുറിച്ച് ഉൾപ്പെടെ ശശികല വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മ ഇല്ലാതായതിന്റെ ദുഖം എനിക്ക് മാത്രം അറിയാവുന്നതാണ്. അമ്മയോടൊപ്പം ഞാൻ 33 വർഷം ഉണ്ടായിരുന്നു. അന്ന് ഞാൻ എങ്ങനെയാണ് അവരോട് പെരുമാറിയിരുന്നത് എന്ന് അവിടുത്തെ ആളുകൾക്ക് അറിയാം. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന 75 ദിവസങ്ങളിൽ ഞാൻ അവരോട് പെരുമാറിയിരുന്നത് എങ്ങനെയെന്ന് അവിടുത്തെ ഡോക്ടർമാർക്ക് അറിയാം. പുറത്തുള്ളവർ പറയുന്നത് എനിക്ക് പ്രശ്നമല്ല. എന്റെ മനസാക്ഷി ശുദ്ധമാണ്. ഡിഎംകെ എന്തു പറഞ്ഞാലും എനിക്ക് പ്രശ്നമല്ലെന്നും എന്നാൽ, ഇത്രയും നാൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പനീർശെൽവം പറയുമ്പോൾ അത് സഹിക്കാൻ കഴിയുന്നില്ലെന്നും ശശികല പറഞ്ഞു.ചെന്നൈ അപ്പോളോയിൽ അമ്മയ്ക്ക് നൽകിയ ചികിത്സ എന്നത് ഒരു തുറന്ന പുസ്തകമാണ്. എയിംസിൽ നിന്നുള്ള ഡോക്ടർമാരും ലണ്ടനിൽ നിന്നെത്തിയ ഡോക്ടറും അവരെ ചികിത്സിച്ചു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോതെറാപ്പി ചെയ്തിരുന്നു.ജയലളിത ഹനുമാൻ സീരിയൽ ടിവിയിൽ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോൾ അവർക്ക് കാണാനായി ഞാൻ അത് റെക്കോർഡ് ചെയ്ത് എത്തിക്കുമായിരുന്നു. ഡോക്ടർമാർ എല്ലാ ദിവസവും അവരോട് സംസാരിക്കുകമായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും പതിവായി കേട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം നവംബർ 29 ന് അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരാൻ പദ്ധതി ഇട്ടിരുന്നു. അങ്ങനെയുള്ള തന്നെ കുറിച്ചാണ് പനീർശെൽവം ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പനീർശെൽവം വഞ്ചകനാണെന്നും എന്നെ ജയലളിതയ്ക്ക് അറിയാമായിരുന്നുവെന്നും അക്കാര്യത്തിൽ മറ്റാരോടും മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും ശശികല പറഞ്ഞു