കണ്ണൂർ: കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളിൽ വ്യാപകമായി ബോംബ് നിർമാണമുണ്ടെന്ന ആരോപണവുമായി സതീശൻ പാച്ചേനി. സിപിഎം കേന്ദ്രങ്ങളിലെ ഈ ബോംബ് നിർമാണം തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ളതാണെന്നും സതീശൻ പാച്ചേനി ആരോപിക്കുന്നു. മട്ടന്നൂർ നടുവനാട് വീട്ടിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ ഉദ്ധരിച്ചാണ് ഡിസിസി പ്രസിഡൻ്റ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബോംബ് സ്ഫോടനങ്ങളെയെല്ലാം പന്നിപ്പടക്കമെന്ന് പറഞ്ഞ് ലഘൂകരിക്കരുതെന്നും സതീശൻ പാച്ചേനി പറയുന്നു.
സമീപ ദിവസങ്ങളില്‍ ജില്ലയില്‍ സമാന സംഭവങ്ങളാണ് ഉണ്ടാകുന്നത്. പന്നിപ്പടക്കമാണ് പൊട്ടിയതെന്ന് പറഞ്ഞു ബോംബ് സ്‌ഫോടനത്തെ ലഘൂകരിക്കാന്‍ ഡിവൈ.എസ്.പി ഉള്‍പ്പെടെ ശ്രമിക്കുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് പരിയാരത്ത് ചികിത്സയിലുള്ള സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരിക്കാണുള്ളത്. സംഭവം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പാച്ചേനി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നടുവനാട് നിടിയാഞ്ഞിരത്തെ വീട്ടില്‍ സ്‌ഫോടനം ഉണ്ടായത്. ഒരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.