റിയാദിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതി വിമതർ

റിയാദ്: റിയാദിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതി വിമതർ. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഹൂദൈദയില്‍ നിന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സൗദി ഇത് നിഷേധിച്ചിട്ടുണ്ട്.
ജിസാന്‍ വിമാനത്താവളത്തിന് നേരെ 10 തവണ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ഹൂതികള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് റിയാദിനെയും ലക്ഷ്യം വെച്ചതായി ഹൂതികള്‍ അവകാശപ്പെട്ടത്.

Loading...

യെമനില്‍ നിന്നുള്ള ആറ് മിസൈലുകള്‍ തടഞ്ഞതായി സൗദി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൗദിയിലെ ഒരു എണ്ണപ്പാട ശേഖരത്തിന് തീപിടിച്ചിരുന്നു. സനായിലും മറ്റു വിമത മേഖലകളിലും വ്യോമാക്രമണം നടത്തിയാണ് സൗദി ഇതിനോട് തിരിച്ച് പ്രതികരിച്ചിരുന്നത്.നിലവില്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെ യെമനിലെ നഗരങ്ങളെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലാണ്.

2015ല്‍ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഹൂതികള്‍ യെമന്റെ നിയന്ത്രണമേറ്റെടുത്തത്. സംഘര്‍ഷം തുടങ്ങിയതിന് ശേഷം കുട്ടികളടക്കം നിരവധിപ്പേരാണ് സൗദി-സഖ്യസേനാ ആക്രമണങ്ങളില്‍ യെമനില്‍ കൊല്ലപ്പെട്ടത്.